Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ആർച്ച് ബിഷപ് സൂസപാക്യം ഗവർണറെ കണ്ടു

Arch-Bishop-Susapakyam-governor ഓഖി ദുരന്തത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിനു നിവേദനം നൽകുന്നു. മോൺ. യൂജിൻ പെരേര, സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് എന്നിവർ സമീപം.

തിരുവനന്തപുരം∙ ഓഖി ദുരന്തത്തിൽ പെട്ടവർക്കു നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് അനുവദിക്കുന്നതുൾപ്പെടെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിനു നിവേദനം നൽകി.

വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ഗവർണർ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി കേരള മുഖ്യമന്ത്രി എന്നിവർക്കു നിവേദനം കൈമാറി. ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലെത്തി ഒൻപത് ആവശ്യങ്ങളടങ്ങുന്ന നിവേദനമാണു നൽകിയത്. കട‍ലിൽ പെട്ടവരെ കണ്ടെത്താൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും നടത്തുന്ന തിരച്ചിൽ കാര്യക്ഷമമാക്കുക, കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയാൽ കരയിലെത്തിച്ചു ബന്ധുക്കൾക്കു വിട്ടുകൊടുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ദുരന്തത്തിന്റെ തീവ്രത നേരിട്ട് അറിയുന്നതിനു പ്രധാനമന്ത്രി സംഭവസ്ഥലങ്ങൾ സന്ദർശിക്കണം. സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു തീരദേശത്തെ ജനങ്ങൾക്കു കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. തീരദേശത്തെ കടലാക്രമണങ്ങളിൽനിന്നു രക്ഷിക്കുന്നതിനു കടൽഭിത്തി ഉൾപ്പെടെയുള്ളവയുടെ നിർമാണം പൂർത്തിയാക്കണം. കടലിൽ പോയ ബോട്ടുകളിലെ മൽസ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനു ശാസ്ത്രീയ സംവിധാനങ്ങളൊരുക്കണം. തീരദേശ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സേനകളിൽ തീരദേശത്തെ ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കണം.

കോസ്റ്റ് ഗാർഡിൽ 25% സംവരണം തദ്ദേശീയർക്കു നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യങ്ങളുന്നയിച്ചു കഴിഞ്ഞ ദിവസം അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് പ്രതിഷേധ പ്രകടനമല്ലെന്നും ഉറ്റവരെ നഷ്ടപ്പെട്ട മൽസ്യത്തൊഴിലാളികളുടെ വേദനയും സങ്കടവും അറിയിക്കാനുള്ള ശ്രമമായിരുന്നെന്നും ആർച്ച് ബിഷപ് പറഞ്ഞു.

കേന്ദ്ര–സംസ്ഥാന ഗവൺമെന്റുകളും സേനാ വിഭാഗങ്ങളും നടത്തിയ പ്രവർത്തനങ്ങൾ ഗവർണർ വിശദീകരിച്ചു. അതിരൂപത സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, ആന്റണി ആൽബർട്ട് എന്നിവർ ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

പളനിസ്വാമിക്ക് ഡോ. സൂസപാക്യം നിവേദനം നൽകി

∙ ഓഖി ദുരന്തത്തിൽ കാണാതായ തമിഴ്നാട് സ്വദേശികളായ മൽസ്യത്തൊഴിലാളികളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിക്കു നിവേദനം നൽകി. തമിഴ്നാട് തൂത്തൂരിൽ ദുരന്തത്തിനിരയായവരെ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിക്കുന്നതിനിടെയാണ് ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം നേരിൽ കണ്ടത്. തൂത്തൂർ സെന്റ് ജൂഡ് കോളജിലെ ഹാളിലെത്തിയാണു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി മൽസ്യത്തൊഴിലാളികളുടെ പരാതി കേട്ടത്.

ഓഖി നാശം വിതച്ച മൽസ്യത്തൊഴിലാളി ഗ്രാമങ്ങളിൽനിന്നുള്ള പ്രതിനിധികൾ മുഖ്യമന്ത്രിയോടു ദുരിതങ്ങൾ വിവരിച്ചു. അതിരൂപതയുടെ കീഴിലുള്ള തമിഴ്നാട്ടിലെ നീരോടി, വള്ളവിള, ഇരവിപുത്തൻ തുറ, മാർത്താണ്ഡം തുറ, ചിന്നത്തുറ, തൂത്തൂർ, പൂത്തുറ, ഇരയിമ്മൻതുറ, കുളച്ചൽ എന്നിവിടങ്ങളിൽനിന്ന് അഞ്ഞൂറിലേറെ മൽസ്യത്തൊഴിലാളികളെയാണു കാണാതായത്. തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തമിഴ്നാട്ടുകാരായ മൽസ്യത്തൊഴിലാളികളെയും കാണാതായിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ കൂടുതൽ സമ്മർദം ചെലുത്തി തിരച്ചിൽ ശക്തമാക്കണം. കോട്ടാർ ബിഷപ് നസ്രേൻ സൂസൈൻ, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

related stories