Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് വഴി പരിചയം സ്ഥാപിച്ചെടുത്ത് അധ്യാപികയിൽ നിന്നു തട്ടിയത് 12.5 ലക്ഷം രൂപ

CYBER-FRAUD

മുള്ളേരിയ∙ ഫെയ്സ്ബുക്ക് വഴി പരിചയം സ്ഥാപിച്ചു സ്വകാര്യ സ്കൂൾ അധ്യാപികയിൽ നിന്നു 12.5 ലക്ഷം രൂപ അതിവിദഗ്ധമായി തട്ടിയെടുത്തു. ഓൺലൈനിൽ മൂന്നു കോടി രൂപ സമ്മാനം അടിച്ചുവെന്നു വിശ്വസിപ്പിച്ചാണ് ബന്തടുക്ക പടുപ്പിലെ അധ്യാപികയുടെ പണം ആറുതവണകളായി തട്ടിയത്. ഡൽഹി കേന്ദ്രമാക്കിയ വൻകിട സൈബർ തട്ടിപ്പുസംഘത്തിന്റെ കെണിയാണിതെന്നാണ് സൂചന.

തട്ടിപ്പിന്റെ തുടക്കം

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ജോൺ ബ്ലാൻക് പൗണ്ട് എന്നയാളാണ് പണം തട്ടിയെടുത്തത്. ഈ അക്കൗണ്ട് വ്യാജമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നവംബർ 17ന് ആണ് ഇയാളും അധ്യാപികയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്.

തുടർന്നു വാട്സാപ് നമ്പർ നൽകുകയും അതുവഴി ചാറ്റ് തുടരുകയും ചെയ്തു. പിന്നീട് 35,000 പൗണ്ട് മൂല്യമുള്ള സമ്മാനം അടിച്ചിട്ടുണ്ടെന്നും ഇതിന്റെ തെളിവായി റിസർവ് ബാങ്കിന്റെ പേരിലുള്ള ഇമെയിൽ ഐഡിയിൽ സാക്ഷ്യപ്പെടുത്തുന്ന കത്ത് അയയ്ക്കുകയും ചെയ്തു. വിശ്വാസം ഉറപ്പിച്ചു കമ്പനിയിൽ നിന്ന് 50 കിലോ തൂക്കമുള്ള പായ്ക്കറ്റാണ് സമ്മാനമായി അയച്ചതെന്നും ഇതിന്റെ നികുതി അടയ്ക്കാനുള്ള തുകയാണെന്നും പറഞ്ഞാണ് അധ്യാപികയോടു പണം ആവശ്യപ്പെട്ടത്.

30,000 രൂപ ആദ്യം ആവശ്യപ്പെട്ടു. പിന്നാലെ ഒരു സ്ത്രീ ഫോണിൽ വിളിച്ച് അക്കൗണ്ട് നമ്പർ നൽകി. ഇതിലേക്കാണു പണം നിക്ഷേപിച്ചത്. പിന്നീട് 85,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതും ചെയ്തപ്പോൾ നാലു തവണകളായി 11,32,000 രൂപ കൂടി നിക്ഷേപിച്ചു. ഒടുവിൽ 11,35,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു സംശയം തോന്നിയത്.

ആക്സിസ് ബാങ്ക്, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പണമെല്ലാം പിൻവലിച്ചത് ഡൽഹിയിൽ നിന്നാണെന്നു കണ്ടെത്തി. എടിഎം വഴിയാണ് കൂടുതലും പണം പിൻവലിച്ചത്. ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങി തുക ട്രാൻസാക്‌ഷൻ നടത്തിയിട്ടുമുണ്ട്.

തുക പിൻവലിച്ച എടിഎമ്മുകളിലെ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ നടപടി തുടങ്ങി. ആദൂർ സിഐ എം.എ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വഷിക്കുന്നത്.

related stories