Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: കേന്ദ്രസംഘം കേരളത്തിൽ; ഫിഷറീസ് മന്ത്രി ഡൽഹിയിൽ

J Mercykutty Amma

ന്യൂഡൽഹി ∙ ഓഖി ദുരന്തത്തിന്റെ നാശനഷ്ടം കണക്കാക്കാൻ കേന്ദ്രസംഘം കേരളം സന്ദർശിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഡൽഹിയിൽ. ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുന്നതിനാണു വരവെങ്കിലും പാർട്ടി പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ മന്ത്രി ഇന്നു വൈകിട്ടാണു മടങ്ങുക.

പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണു ലക്ഷ്യം. ഇന്നലെ കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചെങ്കിലും കേന്ദ്രമന്ത്രിമാരുടെ തിരക്കുകൾ കാരണം ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേന്ദ്ര ആഭ്യന്തര അഡീഷനൽ സെക്രട്ടറി വിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 29 വരെ കേരളത്തിൽ ഓഖി ദുരന്തപ്രദേശങ്ങൾ സന്ദർശിക്കുന്നത്.

ദുരിത്വാശ്വാസം, പുനർനിർമാണം, പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7,340 കോടി രൂപയുടെ പാക്കേജാണു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൽസ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ധർമേന്ദ്ര പ്രധാനുമായുള്ള ചർച്ചയിൽ വിഷയമാകുക. ഡീസൽ എൻജിൻ ഉപയോഗിക്കുന്ന തൊഴിലാളികൾക്കു സബ്സിഡി നൽകുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. ഇന്നലെ സിഐടിയു ഭാരവാഹികളുടെ യോഗത്തിലും മന്ത്രി പങ്കെടുത്തു.

related stories