കുറ്റിപ്പുറം പാലത്തിനടുത്തുനിന്ന് സൈനിക ടാങ്കുകളിൽ ഉപയോഗിക്കുന്ന നാല് ലോഹ ഷീറ്റുകൾ കൂടി കണ്ടെത്തി

ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനടിയിൽ പൊലീസ് ബോംബ് സ്ക്വാഡ് ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ഉരുക്ക് ഷീറ്റുകൾ.

കുറ്റിപ്പുറം ∙ കുഴി ബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയ ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനു താഴെനിന്ന്, സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള നാല് ലോഹ ഷീറ്റുകൾ (പിയേഴ്സ്ഡ് സ്റ്റീൽ പ്ലാങ്കിങ്) കൂടി കണ്ടെടുത്തു. വാഹനങ്ങളുടെ ചക്രം ചെളിയിലാണ്ടുപോകുന്നത് തടയാനും താൽക്കാലിക നിർമിതികളുണ്ടാക്കാനുമാണ് സൈന്യം ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ബോംബ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

‌പുഴയിലെ ചെറിയ വെള്ളക്കെട്ട് ഭാഗികമായി വറ്റിച്ച് മണ്ണുമാന്തി ഉപയോഗിച്ചാണ് ഷീറ്റുകൾ കണ്ടെത്തിയതും പുറത്തെടുത്തതും. കഴി‍ഞ്ഞ ദിവസത്തെ പരിശോധനയിലും ലോഹ ഷീറ്റിന്റെ ഭാഗങ്ങൾ കിട്ടിയിരുന്നു. സൈനിക ടാങ്കുകൾക്ക് ചതുപ്പുനിലങ്ങളിൽ പാതയൊരുക്കുന്നതാവാം ഷീറ്റുകളെന്ന് അന്വേഷണസംഘം പറഞ്ഞു. എന്നാൽ, കുറ്റിപ്പുറം പാലത്തിന്റെ നിർമാണസമയത്ത് ലോറികളുൾപ്പെടെയുള്ള വാഹനങ്ങൾക്കു വഴിയൊരുക്കാൻ ഉപയോഗിച്ച ഷീറ്റുകളായിരിക്കാം ഇതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങൾക്ക് മുൻപും ഇത്തരം ഷീറ്റുകൾ പുഴയിൽ കണ്ടിരുന്നെന്നും അവർ പറഞ്ഞു.

ഈ മാസം നാലിന് വൈകിട്ടാണ് ക്ലേമോർ വിഭാഗത്തിൽപ്പെട്ട അഞ്ച് കുഴി ബോംബുകൾ പുഴയുടെ വെള്ളമില്ലാത്ത ഭാഗത്ത് കണ്ടെത്തിയത്. അന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദപരിശോധനയിൽ വ്യാഴം ഉച്ചയോടെ വെടിയുണ്ടകളും ട്യൂബ് ലോഞ്ചറുകളും കുഴി ബോംബ് സ്ഫോടനത്തിനുള്ള സാമഗ്രികളും കണ്ടെത്തി.

കുഴി ബോംബുകൾ കണ്ടെത്തിയ സ്‌ഥലത്തിനടുത്തുള്ള വെള്ളക്കെട്ടിൽ ചാക്കിൽകെട്ടിയ നിലയിലായിരുന്നു അവ. കണ്ടെടുത്ത വസ്തുക്കളെല്ലാം മലപ്പുറം പടിഞ്ഞാറ്റുമുറി എആർ ക്യാംപിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ സംഘം സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം തുടരുകയാണ്.