അതിർത്തിയിൽ വെടിവയ്പ്: മലയാളി ജവാന്‌ വീരമൃത്യു

ലാൻസ് നായിക് സാം ഏബ്രഹാം

മാവേലിക്കര ∙ ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ കരസേനയിലെ മലയാളി സൈനികൻ മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ സാം ഏബ്രഹാം (35) വീരമൃത്യു വരിച്ചു. ആറാം മദ്രാസ് റജിമെന്റിൽ അംഗമായ ലാൻസ് നായിക് സാം ജമ്മുവിലെ അഖ്നൂർ സുന്ദർബനിയിൽ ഇന്നലെ ഉച്ചയ്ക്കു 1.40ന് ഉണ്ടായ വെടിവയ്പിൽ മരിച്ചതായാണു സഹോദരനും ജവാനുമായ സാബുവിനെ ജമ്മുവിലുള്ള സുഹൃത്തുക്കൾ വൈകിട്ടു ഫോണിൽ വിളിച്ചറിയിച്ചത്.

പാക്ക് ആക്രമണം തുടർന്നതിനാൽ മണിക്കൂറുകൾ കഴിഞ്ഞാണു മൃതദേഹം ക്യാംപിൽ എത്തിക്കാൻ കഴിഞ്ഞത്. രാവിലെ മുതൽ അതിർത്തി സംഘർഷഭരിതമായിരുന്നു. 17 വർഷത്തെ സൈനിക സേവനത്തിനു ശേഷം നവംബറിൽ വിരമിക്കാനിരിക്കേയാണു ദുരന്തം. കഴിഞ്ഞ നവംബറിൽ നാട്ടിൽ വന്നു മടങ്ങിയ സാം ഫെബ്രുവരിയിൽ വരാമെന്നു കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഭാര്യ അനു രണ്ടാമതു ഗർഭിണിയാണ്. മകൾ: എയ്ഞ്ചൽ. പിതാവ് ഏബ്രഹാം ജോൺ. മാതാവ് സാറാമ്മ. സഹോദരങ്ങൾ: സജി, സാബു. കരസേനാ മേധാവിയുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

ഇതേസമയം, സാംബയിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ അതിർത്തിരക്ഷാസേന (ബിഎസ്എഫ്)യിലെ ഹെഡ് കോൺസ്റ്റബിൾ യുപി സ്വദേശി ജഗ്പാൽസിങ് (49) വീരമൃത്യു വരിച്ചു. നാട്ടുകാരായ രണ്ടുപേരും കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി സാംബ, അർണിയ, രാംനഗർ മേഖലകളിൽ പാക്ക് ആക്രമണത്തിൽ ബിഎസ്എഫ് ഹെഡ്കോൺസ്റ്റബിൾ എ.സുരേഷും നാട്ടുകാരിയായ പെൺകുട്ടിയും മരിച്ചു. ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് ഉത്തരവു നൽകിയിട്ടുണ്ടെന്നു ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ.ശർമ അറിയിച്ചു.