Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മ പുരസ്കാരം: സർക്കാർ ശുപാർശ ചെയ്തതിൽ 41 പേരെയും കേന്ദ്രം തഴഞ്ഞു

Mammootty-MT-Vasudevan-Nair-Mohanlal മമ്മൂട്ടി, എം.ടി.വാസുദേവൻ നായർ, മോഹൻ ലാൽ

തിരുവനന്തപുരം∙ പത്മ അവാർഡുകൾക്കു സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത 42 പേരിൽ ലഭിച്ചതു ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു മാത്രം. പത്മ അവാർഡുകൾ നിശ്ചയിക്കുന്ന രീതി കേന്ദ്ര സർക്കാർ പരിഷ്കരിച്ചെങ്കിലും മന്ത്രിസഭാ തീരുമാനപ്രകാരം ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ശുപാർശ നൽകുകയായിരുന്നു.

അതേസമയം മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു പത്മഭൂഷൺ നൽകാനുള്ള തീരുമാനം പ്രധാനമന്ത്രി നേരിട്ട് എടുത്തതാണെന്നും സംസ്ഥാന സർക്കാരിന്റെ ശുപാർശ പരിഗണിച്ചിട്ടില്ലെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. അദ്ദേഹത്തോടു താൽപര്യമുള്ള, ബിജെപിയിലെ ചില പ്രമുഖരും കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

അദ്ദേഹത്തിനു പുറമെ കേരളത്തിൽ നിന്നു പത്മ അവാർഡുകൾ ലഭിച്ച മറ്റു മൂന്നുപേരെയും കേന്ദ്രം  തിരഞ്ഞെടുത്തതാണ്. പി.പരമേശ്വരനു പത്മവിഭൂഷണും ഡോ.എം.ആർ.രാജഗോപാൽ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവർക്കു പത്മശ്രീയുമാണു ലഭിച്ചത്. പുതിയ രീതി അനുസരിച്ച് ഇപ്പോൾ ആർക്കും പത്മ അവാർഡിനു ശുപാർശ നൽകാം. അർഹതയുള്ളവർക്കു സ്വന്തം നിലയിലും  അപേക്ഷിക്കാം. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശയ്ക്കു പ്രത്യേകിച്ചു വിലയൊന്നുമില്ല.

മന്ത്രി എ.കെ.ബാലൻ കൺവീനറായുള്ള മന്ത്രിതല സമിതിയാണു പട്ടിക തയാറാക്കിയത്. ഇതിൽ എം.ടി.വാസുദേവൻ നായരെ പത്മവിഭൂഷൺ പുരസ്കാരത്തിനാണു ശുപാർശ ചെയ്തിരുന്നത്. 

കലാമണ്ഡലം ഗോപി, മമ്മൂട്ടി, മോഹൻലാൽ, പെരുവനം കുട്ടൻ മാരാർ, സുഗതകുമാരി, ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്നിവർക്കു പത്മഭൂഷൺ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടു പേരുകൾ ഇനീഷ്യൽ പോലുമില്ലാതെയാണു കേന്ദ്രത്തിന് അയച്ചത്. 

പത്മശ്രീക്കു ശുപാർശ ചെയ്തവരുടെ പട്ടിക കത്തിലെ ക്രമപ്രകാരം: സൂര്യ കൃഷ്ണമൂർത്തി, ചവറ പാറുക്കുട്ടി, കലാനിലയം പരമേശ്വരൻ, സദനം കൃഷ്ണൻകുട്ടി നായർ, കാനായി കുഞ്ഞിരാമൻ, രമേഷ് നാരായൺ, ആർട്ടിസ്റ്റ് നമ്പൂതിരി, കെ.ജി.ജയൻ, പ്രഫ.എം.സുബ്രഹ്മണ്യ ശർമ, കലാമണ്ഡലം വിമലാ മേനോൻ, മാതംഗി സത്യമൂർത്തി, ജി.കെ.പിള്ള, പുതുമന ഗോവിന്ദൻ നമ്പൂതിരി, പഴയന്നൂർ പരമേശ്വരൻ, മാതൂർ ഗോവിന്ദൻകുട്ടി, ഇ.പി.ഉണ്ണി, നെടുമുടി വേണു, പി.ജയചന്ദ്രൻ, ഡോ.വി.പി.ഗംഗാധരൻ, ഡോ.സഞ്ജീവ് വി.തോമസ്, എം.കെ.രാമൻ മാസ്റ്റർ, ഡോ.ജയകുമാർ,‍ ഡോ.ശശിധരൻ, ഫാ.ഡേവിസ് ചിറമ്മേൽ, എം.മാത്യൂസ്(ടയോട്ട സണ്ണി), കെ.എൻ.ഗോപാലകൃഷ്ണ ഭട്ട്, ഇ.ചന്ദ്രശേഖരൻ നായർ, അഷറഫ് താമരശേരി, വാണിദാസ് ഇളയാവൂർ, ഡോ.ബി.ഇക്ബാൽ, ഗ്രേഷ്യസ് ബെഞ്ചമിൻ, ഐ.എം.വിജയൻ, സി.രാധാകൃഷ്ണൻ, എം.കെ.സാനു, ടി.പത്മനാഭൻ. വിവരാവകാശ നിയമപ്രകാരം ജോമോൻ പുത്തൻപുരയ്ക്കലിനാണ് ഈ പട്ടിക സർക്കാർ നൽകിയത്.