Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവിൽകവിഞ്ഞ സ്വത്ത്: കെ. ബാബുവിന്റെ മറുപടി തൃപ്തികരമല്ലെന്നു വിജിലൻസ്

k-babu

കൊച്ചി ∙ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻമന്ത്രി കെ. ബാബുവിനെതിരായ കണ്ടെത്തൽ നിലനിൽക്കുമെന്നു വിജിലൻസ്. ബാബു നൽകിയ വീശദീകരണം തൃപ്തികരമല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്കു നൽകും. മൊഴി വീണ്ടുമെടുക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ സംഘം തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി ബാബുവിന്റെ മൊഴിയെടുത്തിരുന്നു.

ബാബുവിനെതിരെ 2016 സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണു വീണ്ടും മൊഴിയെടുത്തത്. മന്ത്രിയും എംഎൽഎയുമായിരുന്ന കാലത്തെ ടിഎ, ഡിഎ, മക്കളുടെ വിവാഹസമയത്തു ലഭിച്ച സമ്മാനങ്ങൾ എന്നിവ വരുമാനമായി കണക്കാക്കണമെന്നു ബാബു ആവശ്യപ്പെട്ടിരുന്നു. ഭാര്യവീട്ടിൽ നിന്നു ലഭിച്ച സ്വത്തുക്കളും മറ്റും വരുമാന സ്രോതസ്സായി കാണണമെന്നുള്ള ആവശ്യവുമുന്നയിച്ചു. ടിഎയുടെയും ഡിഎയുടെയും കാര്യം വിജിലൻസ് സംഘം ഭാഗികമായി അംഗീകരിച്ചു. എന്നാൽ മറ്റവകാശവാദങ്ങളിൽ കഴമ്പില്ലെന്നാണു നിഗമനം. അതുകൊണ്ടുതന്നെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന മുൻകണ്ടെത്തൽ നിലനിൽക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.