Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിന്റെ റാണിക്കു സ്വപ്ന സാഫല്യമായി കർഷകശ്രീ പുരസ്കാരം

karshakasree കർഷകശ്രീ പുരസ്കാരം നേടിയ സ്വപ്ന ജയിംസിനെ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ തലപ്പാവ് അണിയിച്ചപ്പോൾ. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ കെ.വി. പീറ്റർ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജോയ്സ് ജോർജ് എംപി, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ സമീപം. ചിത്രം: മനോരമ

തൊടുപുഴ∙ ഹരിത കേരളത്തിന്റെ കതിർക്കനം കൊയ്തെടുത്ത സ്വപ്ന ജയിംസ് മലയാള മനോരമ കർഷകശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴയിൽ നടന്ന വർണാഭമായ ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സ്വപ്നയ്ക്കു സ്വർണമെഡൽ സമ്മാനിച്ചപ്പോൾ കാർഷികമേഖലയിലെ പെൺകരുത്തിനുള്ള അംഗീകാരമായി.

മൂന്നു ലക്ഷം രൂപയും സ്വർണ മെഡലും ബഹുമതിപത്രവും അടങ്ങുന്നതാണു പുരസ്കാരം. പാലക്കാട് ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം കുളയ്ക്കാട്ടുകുറിശ്ശി പുളിക്കത്താഴെ സ്വദേശിയാണു സ്വപ്ന. പതിനാലാമതു കർഷകശ്രീ പുരസ്‌കാരമാണു സ്വപ്‌ന നേടിയത്. 

കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായിരുന്നു. സ്വപ്ന ജയിംസിനെ പുരസ്കാര വിജയത്തിലേക്കെത്തിച്ച കൃഷി രീതികൾ, കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ കെ.വി. പീറ്റർ വിശദീകരിച്ചു. സ്വപ്ന ജയിംസ് മറുപടി പ്രസംഗം നടത്തി. ഭർത്താവ് ജയിംസും മക്കളായ കെവിൻ, അലൻ എന്നിവരുൾപ്പെടുന്ന കുടുംബമാണു തന്റെ വിജയത്തിന്റെ പിന്നിലെന്നു പറഞ്ഞ സ്വപ്ന അവരെ വേദിയിലേക്കു ക്ഷണിച്ചു. ജോയ്സ് ജോർജ് എംപി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. 

തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നടന്നുവരുന്ന കാർഷികമേള ഇന്നു സമാപിക്കും. മുൻ കർഷകശ്രീ പുരസ്കാര ജേതാക്കളും ചടങ്ങിനെത്തി. 

നടിയല്ലിത്, കണ്ടില്ലേ കയ്യിൽ തൂമ്പയെടുത്ത തഴമ്പ് 

ആദ്യം കണ്ടപ്പോൾ സിനിമാ നടിയാണെന്നുറപ്പിച്ചു. പിന്നെ മിണ്ടാതിരുന്നു. തൊട്ടടുത്തിരുന്ന പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തിയപ്പോൾ കർഷകയാണോയെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു സംശയം. കയ്യിലെ തഴമ്പ് പരിശോധിച്ച് കേന്ദ്രമന്ത്രി ഉറപ്പാക്കുകയും ചെയ്തു. 

karshakasree-1 തൊടുപുഴയിൽ മലയാള മനോരമ കർഷകശ്രീ പുരസ്കാരം സമ്മാനിക്കാനെത്തിയ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം പുരസ്കാര ജേതാവ് സ്വപ്ന ജയിംസിന്റെ കയ്യിലെ തഴമ്പ് പരിശോധിക്കുന്നു. ചിത്രം: മനോരമ

മലയാള മനോരമ കർഷകശ്രീ പുരസ്കാരം സമ്മാനിക്കാനെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ചടങ്ങു നടക്കുന്ന തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിലെ വേദിയിലെത്തിയപ്പോൾ, പുരസ്കാരത്തിന് അർഹയായ സ്വപ്ന ജയിംസായിരുന്നു സമീപത്തെ കസേരയിലിരുന്നത്. സ്വപ്ന ജയിംസ്, സിനിമാ നടിയാണോയെന്ന് ആദ്യം സംശയിച്ചു പോയെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പ്രസംഗത്തിനിടെ പറഞ്ഞപ്പോൾ സദസിൽ കൂട്ടച്ചിരി. 

സ്വപ്ന കർഷകശ്രീ പുരസ്കാര ജേതാവാണെന്നു പരിചയപ്പെടുത്തിയപ്പോൾ കേന്ദ്രമന്ത്രിക്ക് ആദ്യം വിശ്വാസം വന്നില്ല. ഇക്കാര്യം ഉറപ്പാക്കാൻ സ്വപ്നയുടെ വലതുകയ്യിലെ തഴമ്പും കേന്ദ്രമന്ത്രി പരിശോധിച്ചു. ഇതോടെയാണു സ്വപ്ന കർഷകയാണെന്നു ബോധ്യപ്പെട്ടതെന്നും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞപ്പോൾ സദസിൽ വീണ്ടും ചിരി. 

കുട്ടിക്കാലത്തു വീട്ടിൽ മാതാപിതാക്കളോടൊപ്പവും കോട്ടയത്തു കലക്ടറായിരുന്നപ്പോൾ കലക്ടറേറ്റ് വളപ്പിലും താൻ നടത്തിയ കൃഷിയെക്കുറിച്ചു കണ്ണന്താനം വാചാലനായി. ഡൽഹിയിൽ താമസസ്ഥലത്തു കൃഷിചെയ്യുന്ന പച്ചക്കറിയാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.