Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌യു സമരകാഹള റാലിക്ക് ആവേശത്തുടക്കം

KSU കെഎസ്‌യു സംസ്ഥാന സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.ബി. ബാബു പ്രസാദ്, എം. മുരളി, എം. ലിജു, ടി. ശരത്ചന്ദ്രപ്രസാദ്, ഷാനിമോൾ ഉസ്മാൻ, ഫൈറോസ്ഖാൻ, കെ.എം. അഭിജിത്ത്, എം.എം. ഹസൻ, ഉമ്മൻചാണ്ടി, ബെന്നി ബെഹ്നാൻ, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ മുൻനിരയിൽ.

ആലപ്പുഴ∙ എസ്എഫ്ഐയുടെയും എബിവിപിയുടെയും ഫാഷിസ്റ്റ് നടപടികൾ കലാലയങ്ങൾക്കൊപ്പം നാടിനെയും യുദ്ധഭൂമിയാക്കി മാറ്റുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്‌യു സംസ്ഥാന സമരകാഹള റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധക്കേസ് അട്ടിമറിക്കാനാണു സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫിസും ശ്രമിക്കുന്നത്. ഡമ്മി പ്രതികൾക്കു വേണ്ടി കാത്തിരിക്കുകയാണു പൊലീസ്. ഷുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് സംരക്ഷിക്കും. കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറണമെന്നും രമേശ് പറഞ്ഞു. 

സിപിഎം അക്രമികളെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സിപിഎം ഫാഷിസത്തിനെതിരെ അണിചേരുമെന്നും അതിനെ ചെറുത്തുതോൽപ്പിക്കുമെന്നുമുള്ള പ്രതിജ്ഞയെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പിണറായി വിജയന് ഉറക്കമില്ലാത്ത രാവുകളായിരിക്കും വരാൻ പോകുന്നതെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. അക്രമങ്ങളെ അഹിംസാ മാർഗത്തിൽ ചെറുത്തുതോൽപ്പിക്കണമെന്നും എൻഎസ്‌യു പ്രസിഡന്റ് ഫൈറോസ്ഖാൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പി.ടി.തോമസ്, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, റോജി എം. ജോൺ, കെപിസിസി ഭാരവാഹികളായ ബെന്നി ബഹനാൻ, സി.ആർ.ജയപ്രകാശ്, ജോൺസൺ എബ്രഹാം, ഷാനിമോൾ ഉസ്മാൻ, മാന്നാർ അബ്ദുൽ ലത്തീഫ്, ടി.ശരത്ചന്ദ്ര പ്രസാദ്, ബി.ബാബുപ്രസാദ്, എ.എ.ഷുക്കൂർ, യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി, ഡിസിസി പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, കെ‌എസ്‌യു ജില്ലാ പ്രസിഡന്റ് നിതിൻ എ. പുതിയിടം തുടങ്ങിയവർ പ്രസംഗിച്ചു.