Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിത്തെറി:കപ്പൽശാലയ്ക്ക് വീഴ്ച പറ്റിയെന്നു റിപ്പോർട്ട്

Kochin Shipyard Sagar Bhushan

കൊച്ചി ∙ അറ്റകുറ്റപ്പണിക്കിടെ കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചുപേർ മരിച്ച ദിവസം തൊഴിലാളികളെ ജോലിക്കു നിയോഗിക്കുന്നിടത്തെ സുരക്ഷാ പരിശോധനയിൽ കപ്പൽശാലയ്ക്കു വീഴ്ച സംഭവിച്ചുവെന്നു റിപ്പോർട്ട്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പാണു റിപ്പോർട്ട് നൽകിയത്. ഇന്നലെ രാത്രി അന്വേഷണ സംഘം റിപ്പോർട്ട് ഡയറക്ടർക്കു സമർപ്പിച്ചു.

തൊഴിൽ വകുപ്പു സെക്രട്ടറിക്കു റിപ്പോർട്ട് ഇന്ന് അയയ്ക്കും. ഇന്നലെ അന്വേഷണ സംഘം ട്രേഡ് യൂണിയൻ പ്രതിനിധികളുടെ മൊഴി രേഖപ്പെടുത്തി. കപ്പലിൽ അറ്റകുറ്റപ്പണി നടക്കുന്നിടത്തു ജോലിക്കാരെ നിയോഗിക്കുന്നതിനു മുൻപു സുരക്ഷാ പരിശോധന നടത്തിയതിന്റെ രേഖകൾ ഇന്നലെയും അന്വേഷണ സംഘത്തിനു മുൻപിൽ കപ്പൽശാല ഹാജരാക്കിയില്ല. അസറ്റലിൻ വാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയാണ് അപകട കാരണമെന്നാണു കണ്ടെത്തൽ.

പണി നടക്കുന്നിടത്ത് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നമോ വാതകച്ചോർച്ചയോ കണ്ടെത്താൻ ‘ഗ്യാസ് ഫ്രീ പെർമിറ്റ്’ പരിശോധന അപകടത്തിനു രണ്ടു മണിക്കൂർ മുൻപു നടത്തിയെന്നായിരുന്നു കപ്പൽശാലയുടെ വിശദീകരണം. എന്നാൽ, ഒരാഴ്ചയായിട്ടും ഇതിന്റെ രേഖ ഹാജരാക്കാൻ കഴിയാതിരുന്നതോടെ ഈ വിശദീകരണം പൊളിഞ്ഞു. 13നു രാവിലെ ഒൻപതേകാലോടെയാണ് സാഗർ ഭൂഷൺ എന്ന കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. അഞ്ചുപേർ മരിക്കുകയും എട്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

related stories