Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാന നഗരങ്ങളിൽ മുടക്കമില്ലാതെ ജലവിതരണത്തിന് 2400 കോടി

തിരുവനന്തപുരം∙ പ്രധാന നഗരങ്ങളിൽ മുടക്കമില്ലാതെ 24 മണിക്കൂറും ജലം വിതരണം ചെയ്യുന്നതിനുള്ള 2400 കോടി രൂപയുടെ വിപുല പദ്ധതിക്കു ജല അതോറിറ്റി രൂപം നൽകിയതായി മന്ത്രി മാത്യു ടി.തോമസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ എഡിബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വായ്പയ്ക്കു കേന്ദ്ര സർക്കാരിന്റെ ഗാരന്റി ആവശ്യമാണ്. കിഫ്ബി സഹായവും പദ്ധതിക്കുണ്ട്. അരുവിക്കരയിൽ കുപ്പിവെള്ള പദ്ധതി ഇക്കൊല്ലം കമ്മിഷൻ ചെയ്യും. വേനൽക്കാലം നേരിടാനായി ജല അതോറിറ്റി പൂർണ സജ്ജമാണ്.

കാലവർഷവും തുലാവർഷവും കുറവായിരുന്നെങ്കിലും പിന്നീട് ലഭിച്ച കനത്ത മഴ മൂലം അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളം ഉണ്ട്. സ്രോതസുകളിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാൻ 30 ചെക് ഡാമുകൾ നിർമിച്ചു. അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടുന്നതിനൊപ്പം ചെളിനീക്കം ചെയ്യുന്ന പദ്ധതിക്കുള്ള പ്രാരംഭപ്രവർത്തനം ചുള്ളിയാറിലും മംഗലം ഡാമിലും തുടങ്ങി. തിരുവനന്തപുരം നഗരത്തിലെ ജലക്ഷാമത്തിനു പരിഹാരമായി നെയ്യാറിൽനിന്നു വെള്ളമെത്തിക്കാനുളള 300 കോടി രൂപയുടെ പ്രത്യേക പദ്ധതി പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ദിവസം 12 കോടി ലീറ്റർ വെള്ളമാണ് ശുദ്ധീകരിക്കുക. തിരുവനന്തപുരം നഗരത്തിലേക്കു വെള്ളമെടുക്കുന്ന പേപ്പാറ അണക്കെട്ടിൽ ഇപ്പോൾ 106 മീറ്റർ വെള്ളമുണ്ട്. 107.5 മീറ്ററാണ് സംഭരണ ശേഷി. ഇപ്പോഴത്തെ നിലയ്ക്കു തലസ്ഥാനത്തിന് ആവശ്യമായ നാലുമാസത്തേക്കുള്ള വെള്ളം അവിടെയുണ്ട്.

അരുവിക്കര ഡാമിലെ ചെളി നീക്കി സംഭരണ ശേഷി വർധിപ്പിക്കുന്നുണ്ട്. മറ്റുജില്ലകളിലെ സ്ഥിതി ജില്ലാ അധികൃതരുമായി ചേർന്നു വിലയിരുത്തി വരികയാണ്. ദുരന്തനിവാരണ അതോറിറ്റിയും മറ്റും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു വെള്ളം എത്തിക്കുന്നതിനുള്ള തുടർപ്രവർത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശുദ്ധജലം വിതരണത്തിൽ കിട്ടാനുള്ളത് 842 കോടി രൂപ

തിരുവനന്തപുരം∙ ജല അതോറിറ്റിക്കു മാസം 31 കോടി രൂപയുടെ കമ്മിയുണ്ടെന്നും ശുദ്ധജലം വിതരണം ചെയ്ത ഇനത്തിൽ 842 കോടി രൂപ കുടിശികയുണ്ടെന്നും മന്ത്രി മാത്യു ടി.തോമസ്. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് 332 കോടിയും വിവിധ വകുപ്പുകളിൽനിന്ന് 110 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്. ഗാർഹിക ഉപയോക്താക്കളുടേതായി 400 കോടി കുടിശികയാണ്. വൈദ്യുതി ബോർഡിന് ജല അതോറിറ്റി നൽകാനുള്ള കുടിശിക തുക തിട്ടപ്പെടുത്തുന്നതേയുള്ളൂ. ശമ്പളം, പെൻഷൻ, അറ്റകുറ്റപ്പണി തുടങ്ങിയ ഇനങ്ങളിലാണ് മാസം 31 കോടിയുടെ അധികച്ചെലവ്.

കെഎസ്ആർടിസി പോലെ പ്രതിസന്ധിയിൽ ആകാതിരിക്കാൻ മാർച്ച് ഒന്നുമുതൽ 20 വരെ എല്ലാ റവന്യൂ ഡിവിഷനുകളിലും കുടിശിക പിരിച്ചെടുക്കുന്നതിനുള്ള അദാലത് നടത്തും. ഗാർഹികേതര ഉപയോക്താക്കൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അനുസരിച്ചു നിലവിലുള്ള വാർഷിക പലിശ നിരക്കിൽ 50% ഇളവു ലഭിക്കും. പിഴപ്പലിശ പൂർണമായും ഒഴിവാക്കും. സർചാർജിലും 50% ഇളവു നൽകും. ഗാർഹിക ഉപയോക്താക്കൾക്കു ലീക്കേജ് ആനുകൂല്യം ഒരുതവണ എന്നതിനുപകരം 10 വർഷത്തിലൊരിക്കൽ എന്നനിലയിൽ അനുവദിക്കും. ആറുമാസത്തിലധികമായി ബില്ലടയ്ക്കാത്ത ഗാർഹിക ഉപയോക്താക്കളെ പിഴകൂടാതെ വെള്ളക്കരം അടയ്ക്കാൻ അനുവദിക്കും.