ബാബറി മസ്ജിദ്: ഒത്തുതീർപ്പ് ചർച്ച ഫലം ചെയ്യില്ലെന്നു കാന്തപുരം

ന്യൂഡൽഹി∙ ബാബറി മസ്ജിദ് വിഷയത്തിൽ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം ചെയ്യില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ. ബാബറി മസ്ജിദിന്റെ സ്ഥലം വീതം വയ്ക്കുന്നതിനോടും യോജിപ്പില്ല. മസ്ജിദ് പൊളിച്ചതു ശരിയല്ലെന്ന കാര്യം എപ്പോഴും നിലനിൽക്കുന്നതാണ്. കോടതി യുക്തവും ന്യായവുമായ തീരുമാനമെടുക്കുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് ആശാസ്യമല്ല. ഉത്തരേന്ത്യയിൽ പശുവിന്റെ പേരിൽ ആളുകളെ കൊലപ്പെടുത്തുന്നു. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണം നടത്തിയെന്നാരോപിച്ചു അടിച്ചുകൊന്നു. വ്യക്തിയും സമൂഹവും പാർട്ടികളും ശിക്ഷ നൽകാൻ തുടങ്ങിയാൽ സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിലെ രാസായുധ പ്രയോഗ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടണം. ആയിരക്കണക്കിനാളുകളാണു മരിക്കുന്നത്. സിറിയയിലെ സമാധാനത്തിനു വേണ്ടി ഇന്നു പ്രാർഥനാ ദിനമായി ആചരിക്കും. കോഴിക്കോട് മർക്കസിനു കീഴിലെ പള്ളികളിലും സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലെ സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മർക്കസ് വൈസ് പ്രിൻസിപ്പൽ ഡോ. ഹുസൈൻ സഖാഫി, അമീൻ സഖാഫി എന്നിവർ പങ്കെടുത്തു.