ഫെയർ സ്റ്റേജിന്റെ പേരിൽ അധിക ചാർജ്

കൊച്ചി∙ പുതുക്കിയ ബസ് ചാർജ് വർധനയ്ക്കൊപ്പം ഫെയർസ്റ്റേജിന്റെ പേരിലുള്ള അധികചാർജ് മാറ്റമില്ലാതെ തുടരുന്നു. 

മിനിമം ചാർജ് എട്ടു രൂപയായും കിലോമീറ്റർ നിരക്ക് 70 പൈസയാക്കിയുമുള്ള ചാർജ് വർധന പ്രാബല്യത്തിലാവുമ്പോൾ ആദ്യത്തെ ഏതാനും ഫെയർ സ്റ്റേജുകളിൽ യാത്രക്കാർക്കു വരുന്നതു കിലോമീറ്ററിനു 1.33 രൂപയുടെ ഭാരം. ബസ്ചാർജ് വർധന കിലോമീറ്ററിന് ആറു പൈസയേ ഉള്ളൂവെന്ന ന്യായം യാത്രക്കാർക്കു നഷ്ടക്കണക്കാകുന്നത് ഇങ്ങനെയാണ്.

സഞ്ചരിക്കുന്ന ദൂരവും കിലോമീറ്റർ നിരക്കും ഗുണിച്ചാണു ബസ് ചാർജ് കണക്കാക്കേണ്ടത്. അങ്ങനെ വരുമ്പോൾ 10 കിലോമീറ്റർ ദൂരത്തേക്കു കിലോമീറ്ററിനു 70 പൈസ നിരക്കിൽ ഏഴുരൂപ നൽകിയാൽ മതിയാവും. എന്നാൽ 2011 ലെ ചാർജ് വർധന മുതൽ ഇതിനിടയിൽ മിനിമം ചാർജും കടന്നുവന്നു. 

പത്തു കിലോമീറ്റർ സഞ്ചരിക്കുന്നയാൾക്ക് അഞ്ചു കിലോമീറ്റർ യാത്ര ചെയ്യാവുന്ന മിനിമം ചാർജ് എട്ടു രൂപയും അതിനു ശേഷമുള്ള അഞ്ചു കിലോമീറ്ററിനു കിലോമീറ്റർ നിരക്കായ 3.50 രൂപയും ഉൾപ്പെടെ 11.50 രൂപ നൽകണം. ചില്ലറ തൊട്ടടുത്ത പൂർണ സംഖ്യയാവുമെന്നതിനാൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 12 രൂപ നൽകേണ്ടിവരുന്നു.