Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലം നികത്തൽ: തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരായ നോട്ടിസുകൾ ഹൈക്കോടതി റദ്ദാക്കി; കലക്ടർക്ക് വിമർശനം

lake-palace

കൊച്ചി∙ മുൻ മന്ത്രി തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലംനികത്തൽ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കലക്ടർ പുറപ്പെടുവിച്ച രണ്ടു നോട്ടിസുകൾ ഹൈക്കോടതി റദ്ദാക്കി. തെറ്റായ സർവേ നമ്പറിൽ നോട്ടിസ് നൽകിയതിനു കലക്ടറെ വാദത്തിനിടെ കോടതി വിമർശിച്ചു.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കിൽ ഫെബ്രുവരി 23നു ഹാജരായി വിശദീകരണം നൽകാനാണു കലക്ടർ 17നു നോട്ടിസ് നൽകിയത്. നോട്ടിസിൽ പറയുന്ന സർവേ നമ്പറുകളിൽ കമ്പനിക്കു ഭൂമിയില്ലെന്നു ചൂണ്ടിക്കാട്ടി കമ്പനി നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.

നോട്ടിസിൽ ബ്ലോക്ക്, സർവേ നമ്പറുകൾ തെറ്റിപ്പോയെന്നു കലക്ടർ ടി.വി. അനുപമ കോടതിയിൽ സമ്മതിച്ചു. ക്ലറിക്കൽ പിഴവാണത്. ബന്ധപ്പെട്ട ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചതറിയാതെ അതേദിവസം തിരുത്തൽ നോട്ടിസ് ഇറക്കി. തെറ്റായ നോട്ടിസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും തിരുത്തൽ നോട്ടിസ് പിൻവലിക്കാൻ തയാറാണെന്നും കലക്ടർ വിശദീകരിച്ചു. ഈ നോട്ടിസുകളാണു കോടതി റദ്ദാക്കിയത്.

ഭൂരേഖകളുടെ അടിസ്ഥാനത്തിൽ മനസ്സിരുത്താതെയാണോ നടപടിയെടുത്തതെന്നു കോടതി വാദത്തിനിടെ ചോദിച്ചു. ഉത്തരവാദിത്തമുള്ള പദവിയാണു കലക്ടറുടേത്. എൽകെജി കുട്ടികളെ പോലെ പെരുമാറരുത്.

ജനുവരി അഞ്ചിനു കോടതി നിർദേശിച്ച പ്രകാരം, വിശദീകരണത്തിന് അവസരം നൽകി പുതിയ നോട്ടിസ് നൽകാൻ തയാറാണെന്നു കലക്ടർ വിശദീകരണ പത്രികയിൽ വ്യക്തമാക്കിയിരുന്നു.

തെറ്റ്  എങ്ങനെ വന്നെന്ന് അന്വേഷിക്കും: ടി.വി.അനുപമ

ആലപ്പുഴ ∙ ലേക് പാലസ് റിസോർട്ട് ഉടമകളായ വാട്ടർവേൾഡ് ടൂറിസം കമ്പനി ഭൂമിയുടെ കൈവശക്കാർ എന്ന നിലയ്ക്കാണു നോട്ടിസ് നൽകിയതെന്നു കലക്ടർ ടി.വി.അനുപമ പറഞ്ഞു. 

ഉടമ ലീലാമ്മ ഈശോയെ നേരത്തേ തെളിവെടുപ്പിനു വിളിച്ചിരുന്നു. ലീലാമ്മ ഈശോയുടെ ഭൂമി തങ്ങളാണ് ഉപയോഗിക്കുന്നതെന്നു വാട്ടർ വേൾഡ് ടൂറിസം കമ്പനി അറിയിച്ചിട്ടുള്ളതാണ്. ആ നിലയ്ക്ക് അവരെ തെളിവെടുപ്പിനു വിളിച്ചു. 

നോട്ടിസിൽ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കും. സർവേ നമ്പറിൽ തെറ്റു കണ്ടതിനെ തുടർന്നു നോട്ടിസ് തിരുത്തി നൽകി. സർവേ നമ്പറിലെ തെറ്റ് ടൈപ്പ് ചെയ്യുമ്പോൾ സംഭവിച്ചതാകാം. തെറ്റു വന്നതിൽ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷിക്കും. രണ്ടാമത്തെ നോട്ടിസിലെ സർവേ നമ്പറിൽ തെറ്റു സംഭവിച്ചിട്ടില്ല. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

അതേ സമയം, ഹൈക്കോടതിയിൽനിന്നു പരാമർശമുണ്ടായ സാഹചര്യത്തിൽ കലക്ടർ ടി.വി.അനുപമയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടു പരാതി നൽകുമെന്നു തോമസ് ചാണ്ടി എംഎൽഎയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.