Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത സുരക്ഷയൊരുക്കി പൊലീസ്; മധുവിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

CM കൈവിടില്ല: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ചിണ്ടക്കി ഊരിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മധുവിന്റെ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ചിത്രം: അരുൺ ശ്രീധർ

അഗളി (പാലക്കാട്)∙‘‘പലരും പലതും പറഞ്ഞു പരത്തും. അതൊന്നും കാര്യമാക്കേണ്ടതില്ല. സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും’’– കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയെയും സഹോദരിമാരെയും മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിച്ചു.

ചിണ്ടക്കി ഊരിലെ വീട്ടിൽ ഇന്നലെ രാവിലെ 10.20ന് എത്തിയ മുഖ്യമന്ത്രി പത്തു മിനിറ്റോളം ചെലവഴിച്ചു. കേസിലെ പ്രതികൾക്കു ജാമ്യം നൽകരുതെന്നു വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ ആ നിലപാട് തന്നെയായിരിക്കും സർക്കാർ കോടതിയിൽ സ്വീകരിക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ മധുവിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും.

മന്ത്രി കെ.കെ.ശൈലജ, എം.ബി.രാജേഷ് എംപി, എംഎൽഎമാരായ എൻ.ഷംസുദീൻ, പി.കെ.ശശി എന്നിവർ ‍മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചിണ്ടക്കി ഊര് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയായതിനാൽ കർശന സുരക്ഷയാണു പൊലീസ് ഒരുക്കിയത്.

പാലക്കാട് മുതൽ അഗളി വരെ എല്ലാ പ്രധാനപ്പെട്ട ജംക്‌ഷനിലും കാവൽ ഏർപ്പെടുത്തിയിരുന്നു. അട്ടപ്പാടി ചുരം തുടങ്ങുന്ന സ്ഥലം മുതൽ ആയുധധാരികളായ പൊലീസും മുക്കാലി മുതൽ ചിണ്ടക്കി വരെ പൊലീസും പ്രത്യേക പരിശീലനം നേടിയ കമാൻഡോകളുമടങ്ങിയ സംഘത്തെയാണു നിയോഗിച്ചത്. മധുവിന്റെ വീടും പരിസരവും തണ്ടർബോൾട്ട് വിഭാഗത്തിന്റെ വലയത്തിലായിരുന്നു.

MLA അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ദലിത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് മുക്കാലിയിൽ പൊലീസ് തടയുന്നു

മുഖ്യമന്ത്രിയുടെ വാഹനത്തിനു തൊട്ടുപുറകിൽ വിഐപി സുരക്ഷ കമാൻഡോകളുടെ രണ്ട് വാഹനങ്ങൾ. മുന്നിലും പിന്നിലുമായി ഒരു ഡസനിലേറെ പൊലീസ് വാഹനങ്ങൾ. ഐജി എം.ആർ.അജിത്കുമാർ, ഇന്റലിജൻസ് എസ്പി എസ്.ശശിധരൻ, ആന്റി നക്സൽ സ്ക്വാഡ് എസ്പി വിക്രം ചന്ദ്, പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാർ, തൃശൂർ എസിപി പി.വാഹിദ്, ചാലക്കുടി ഡിവൈഎസ്പി ഷാഹുൽ ഹമീദ്, ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സെയ്താലി, അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യൻ എന്നിവരും സിഐമാരും എസ്ഐമാരും ഉൾപ്പെടെ അഞ്ഞൂറിലേറെ പൊലീസുകാരുമാണു സുരക്ഷയ്ക്കുണ്ടായിരുന്നത്.

യുവമോർച്ചയുടെ നേതൃത്വത്തിൽ ഗൂളിക്കടവിൽ അരിവിതരണവും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ അഗളിയിൽ ദലിത് കോൺഗ്രസിന്റെ മാർച്ചും പ്രഖ്യാപിച്ചതിനെ തുടർന്ന് അഗളി കില ഹാളിൽ നടത്താനിരുന്ന ഉന്നത തല യോഗം മുക്കാലിയിലേക്കു മാറ്റുകയായിരുന്നു.

ആദിവാസികൾക്ക് ഇനി താമസത്തിനും കൃഷിക്കും വെവ്വേറെ ഭൂമി: മുഖ്യമന്ത്രി

അഗളി (പാലക്കാട്)∙ ആദിവാസികളുടെ റേഷനിൽ റാഗി, ചോളം എന്നിവ ഉൾപ്പെടുത്തുമെന്നും വിതരണം സപ്ലൈകോ വഴിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി 10 കോടി രൂപ വകയിരുത്തി. പട്ടയം കിട്ടാൻ ബാക്കിയുള്ള ആദിവാസികൾക്ക് മേയ് മാസത്തിനുള്ളിൽ ലഭ്യമാക്കും. താമസത്തിനും കൃഷിക്കുമായി വെവ്വേറെ ഭൂമിയായിരിക്കും വിതരണം ചെയ്യുക.

കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ബന്ധുക്കളെ സന്ദർശിച്ച മുഖ്യമന്ത്രി മുക്കാലിയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി പോൾ ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ യോഗത്തിലെ മറ്റു തീരുമാനങ്ങൾ:

സമൂഹ അടുക്കള പദ്ധതിയിൽ വീടുകളി‍ൽ താമസിക്കാത്തവരടക്കമുള്ളവർക്കു ഭക്ഷണം നൽകും. തൊഴിലുറപ്പ് പദ്ധതി വഴി ആദിവാസികൾക്ക് 200 ദിവസം തൊഴിൽ ഉറപ്പാക്കും. ‌അട്ടപ്പാടി മേഖലയിലെ സർക്കാർ ഓഫിസുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ആദിവാസികൾക്കു മാത്രം. മനോദൗർബല്യമുള്ളവരെ പുനരധിവസിപ്പിക്കാൻ, ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുത്ത് ഒരാഴ്ചക്കുള്ളിൽ കെയർഹോം ആരംഭിക്കും.

പ്രമോട്ടർമാരില്ലാത്ത 42 ഊരുകളിൽ ഉടൻ നിയമനം. കിടപ്പു രോഗികളെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് സർവേ നടത്തുകയും പരിചരണം ഉറപ്പു വരുത്തുകയും ചെയ്യും. മദ്യവിപത്തിനെതിരെ ബോധവൽകരണം സംഘടിപ്പിക്കുകയും ഡി അഡിക്​ഷൻ സെന്റർ ആരംഭിക്കുകയും ചെയ്യും. തടസ്സം നീക്കി മുക്കാലി– ചിണ്ടക്കി റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

യോഗം നടക്കുന്നതിനിടെ, മധുവിന്റെ കൊലപാതകത്തിൽ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നും നഷ്ടപരിഹാരത്തുക ഉയർത്തണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ മാർച്ച് നടന്നു. എന്നാൽ ഇവരെ പൊലീസ് മുക്കാലി ജംക്‌ഷനിൽ തടഞ്ഞു.