അഞ്ചു മാസത്തിനു ശേഷം അന്വേഷണ സംഘത്തിന് അനക്കം; സരിതയുടെ മൊഴിയെടുത്തു

തിരുവനന്തപുരം∙ സരിതാ നായരുടെ കത്തിന്റെ പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച് അഞ്ചു മാസമായപ്പോൾ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങി. സോളർ തട്ടിപ്പു കേസിലെ മുഖ്യ പ്രതി സരിതാ നായരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വിളിച്ചുവരുത്തി മൊഴിയെടുത്തു. രാവിലെ 11ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് ആറരയോടെ അവസാനിച്ചു.

സർക്കാർ നടപടിയെ ചോദ്യം ചെയ്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതോടെയാണു മുഖം രക്ഷിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചത്. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം രൂപീകരിച്ച ശേഷമുള്ള ആദ്യ നടപടിയാണിത്. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ലൈംഗികമായി ഉപദ്രവിച്ചുവെന്ന സരിതാ നായരുടെ കത്ത് സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷൻ ഡയറക്ടറർ ജനറലിന്റെയും ഉപദേശം എഴുതിവാങ്ങിയാണ് ഇവർക്കെതിരെ ലൈംഗികാതിക്രമത്തിനു കേസെടുക്കുമെന്ന് ഒക്ടോബർ 11നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം രാവിലെയായിരുന്നു പ്രഖ്യാപനം. അന്വേഷണത്തിനായി ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി. എന്നാൽ ആധികാരികമല്ലാത്ത കത്തിന്റെ പേരിൽ മാത്രം കേസ് എടുക്കാനാവില്ലെന്ന ഉറച്ച നിലപാടുമായി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും രംഗത്തു വന്നതോടെ സർക്കാർ വെട്ടിലായി. സുപ്രീം കോടതി ജഡ്ജിയായിരുന്ന അരിജിത് പസായത്തിന്റെ നിയമോപദേശം തേടിയപ്പോൾ കേസ് വേണോയെന്ന കാര്യം അന്വേഷണ സംഘമാണു തീരുമാനിക്കുക എന്നും മതിയായ തെളിവില്ലാതെ കേസ് എടുക്കരുതെന്നും അദ്ദേഹം മറുപടി നൽകി.

തുടർന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിലെ ഉന്നതരെ വിളിച്ച് അന്വേഷണം ആരംഭിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും അവർ തയാറായില്ല. അനാവശ്യ നിയമക്കുരുക്കിൽപെടാൻ താൽപര്യമില്ലെന്നു ബെഹ്റയെ അടുത്തമാസം വിരമിക്കുന്ന രാജേഷ് ദിവാൻ അറിയിക്കുകയും ചെയ്തു. അന്വേഷണ സംഘം നടപടിയെടുക്കാതെ മാസങ്ങൾ പിന്നിട്ടതോടെ നിയമോപദേശത്തിനായി മുൻ അറ്റോർണി ജനറലിനെ സമീപിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഉപദേശം നൽകിയ കേസിൽ ഇനിയെന്ത് ഉപദേശം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇപ്രകാരം അന്വേഷണം സ്തംഭിച്ചിരിക്കെയാണ് ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. അതോടെ കേസിൽ എന്തെങ്കിലും ചെയ്തെന്നു വരുത്താനാണ് സരിതയെ വരുത്തി മൊഴിയെടുത്തതെന്നു സേനയിലെ പ്രമുഖർ തന്നെ സൂചിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്പിയും രണ്ട് ഡിവൈഎസ്പിമാരുമാണ് മൊഴിയെടുത്തത്. ഡിജിപി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും രംഗത്തുണ്ടായില്ല. സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്ന് അന്വേഷണസംഘം നിലപാട് എടുത്തിരിക്കെ പരാതിയിൽ സരിത ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് അറിയാനും കൂടുതൽ തെളിവുകൾ ഉണ്ടോയെന്ന് അറിയാനുമായിരുന്നു ചോദ്യം ചെയ്യൽ.

മൊഴി വിലയിരുത്തിയ ശേഷം തുടർ നടപടി തീരുമാനിക്കും. സോളർ കമ്മിഷനു മുൻപാകെ സരിത ലൈംഗിക ആരോപണം ഉന്നയിച്ചിട്ടില്ല. മാത്രമല്ല, മുൻ കോൺഗ്രസ് എംഎൽഎക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ക്രൈംബ്രാഞ്ച് അഞ്ചു പ്രാവശ്യം നോട്ടിസ് നൽകിയിട്ടും ഇവർ മൊഴി നൽകാനും എത്തിയിരുന്നില്ല.