അഭയ കേസ്: ഫാ.കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണം

ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതൃക്കയിൽ

തിരുവനന്തപുരം∙ സിസ്റ്റർ അഭയ കേസിലെ പ്രതിസ്ഥാനത്തു നിന്നു രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി ഒഴിവാക്കി. അതേസമയം മറ്റു രണ്ടു പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റവിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഇരുവരുടെയും വിടുതൽ ഹർജി കോടതി തള്ളി. ഇതോടെ 26 വർഷത്തിനു ശേഷം അഭയ കേസിൽ വിചാരണയ്ക്കു കളമൊരുങ്ങി.

സിസ്റ്റർ അഭയയുടെ മരണത്തിൽ ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു സിബിഐയുടെ കുറ്റപത്രം. 2009 ജൂലൈ ഒൻപതിനാണു കുറ്റപത്രം നൽകിയത്. പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടു മൂവരും ഏഴു വർഷം മുൻപു നൽകിയ വിടുതൽ ഹർജിയിലാണ് ഇപ്പോഴത്തെ വിധി.

1992 മാർച്ച് 27 നാണ് അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ സിബിഐ മുന്നോട്ടുവച്ച സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി ഇവരുടെ വിടുതൽ ഹർജി തള്ളിയത്. ഇവരെ 28നു കുറ്റപത്രം വായിച്ചു കേൾപ്പിക്കും. 

എന്നാൽ ജോസ് പുതൃക്കയിലിനെ സംഭവദിവസം കോൺവന്റിൽ കണ്ടതിനു േനരിട്ടുള്ള സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് ഇദ്ദേഹത്തിന്റെ പങ്കു തെളിയിക്കാനും കഴിഞ്ഞില്ല. കേസിൽ എത്രയും വേഗം വിചാരണ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നാണു പറഞ്ഞത്. പിന്നീടു സിബിഐയാണു കൊലപാതകമെന്നു കണ്ടെത്തിയത്. ഈ കേസിൽ ക്രൈംബ്രാഞ്ച് മുൻ എസ്പി: കെ.ടി.മൈക്കിളിനെ നാലാം പ്രതിയാക്കി കോടതി ഉത്തരവിട്ടിരുന്നു. ഫാ.പുതൃക്കയിലിനെ ഒഴിവാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നു കേസിലെ പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. 

കോടതി വിധി ദൈവത്തിന്റെ കയ്യൊപ്പുള്ളത്: ഫാ. പുതൃക്കയിൽ

കോട്ടയം ∙ സിസ്റ്റർ അഭയക്കേസിൽ നിന്നു കുറ്റവിമുക്തനാക്കിയ കോടതി വിധി ദൈവത്തിന്റെ കയ്യൊപ്പുള്ളതെന്ന് ഫാ. ജോസ് പുതൃക്കയിൽ. അഭയക്കേസിൽ അപക്വമായ ഒരു പെരുമാറ്റം പോലും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. അത് അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. കേസ് കഴിഞ്ഞാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ തുറന്നു കാട്ടുമെന്നും ഫാ. ജോസ് പുതൃക്കയിൽ പറഞ്ഞു.