മീസിൽസ് കുത്തിവയ്പ് എടുത്തില്ലെങ്കിൽ മസ്തിഷ്ക ശോഷണ സാധ്യത: വിദഗ്ധർ

തിരുവനന്തപുരം∙ മീസിൽസ് കുത്തിവയ്പ് എടുക്കാത്ത കുട്ടികൾക്കു മസ്തിഷ്ക ശോഷണ രോഗം ഉണ്ടാകുമെന്നു രാജ്യാന്തര ശിശു ന്യൂറോളജി വിദഗ്ധരുടെ സമ്മേളനം അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളജ് പീഡിയാട്രിക് ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച ‘ന്യൂറോ എക്സ്ചേഞ്ച്’ സെമിനാറിലാണു രാജ്യാന്തര പ്രശസ്തരായ ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്.

കെനിയ ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികളിൽ ഈ രോഗം വർധിച്ചുവരുന്നുണ്ട്. ഓട്ടിസം ഉണ്ടാകുമെന്ന വ്യാജപ്രചാരണം, പ്രാഥമിക ചികിൽസാസൗകര്യക്കുറവ് എന്നിവ മൂലമാണു കുത്തിവയ്പ് എടുക്കാതിരിക്കുന്നത്.

തെറ്റായ പ്രചാരണങ്ങളെ സാമൂഹികമായി ചെറുത്തുതോൽപിക്കണം. അല്ലെങ്കിൽ ഭാവിതലമുറയിലെ വലിയൊരു വിഭാഗം മസ്തിഷ്കശോഷണ രോഗത്തിന് അടിപ്പെടുമെന്നും ഡോക്ടർമാർ പറഞ്ഞു. ന്യൂറോളജിസ്റ്റുകളായ ഡോ.ആർ.ആനന്ദം, ഡോ.കെ.രാജശേഖരൻ നായർ എന്നിവരെ ആദരിച്ചു. ഡോ.പി.എ.മുഹമ്മദ്കുഞ്ഞ് അധ്യക്ഷത വഹിച്ചു.