Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ഇബി: ചെലവു ചുരുക്കാൻ പുതിയ 132 അസി.എക്സിക്യൂട്ടീവ് എൻജിനീയർ തസ്തിക !

കൊച്ചി ∙ ചെലവു ചുരുക്കലിന്റെ പേരിൽ ഒരുവശത്തു ജീവനക്കാരുടെ എണ്ണവും തസ്തികകളും കുറയ്ക്കുന്ന കെഎസ്ഇബി ഒറ്റയടിക്ക് അസിസ്റ്റന്റ് എൻജിനീയർമാരുടെ 132 തസ്തികകൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരുടേതാക്കി ഉയർത്തി. ചെലവു കുറയ്ക്കാൻ മീറ്റർ റീഡർമാരുടെ 790 തസ്തികകൾ വേണ്ടെന്നു വച്ചപ്പോഴാണു ശമ്പള ഇനത്തിൽ പ്രതിവർഷം ലക്ഷക്കണക്കിനു രൂപയുടെ അധികബാധ്യത വരുത്തുന്ന തീരുമാനം. മാർച്ച് ആറിന് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി. കോഴിക്കോട് ഐഐഎം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കെഎസ്ഇബിയിലെ ചെലവുചുരുക്കൽ നടപടികൾ. 

തസ്തിക ഉയർത്തിയെന്നല്ലാതെ ജോലിയിൽ മാറ്റമില്ല. അസിസ്റ്റന്റ് എൻജിനീയർമാർ ചെയ്യുന്ന ജോലികൾതന്നെയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരും ചെയ്യേണ്ടത്. അതേസമയം ശമ്പളത്തിൽ വലിയ വ്യത്യാസം ഉണ്ടുതാനും. ഫീൽഡ് ജീവനക്കാരായി സർവീസിൽ കയറുന്നവർക്കു പ്രമോഷൻ വഴി എത്താവുന്ന പരമാവധി ഉയർന്ന പോസ്റ്റ് അസിസ്റ്റന്റ് എൻജിനീയർമാരുടേതായിരുന്നു. തസ്തിക ഉയർത്തിയതോടെ ഇത്രയും പ്രമോഷൻ തസ്തിക ഫീൽഡ് ജീവനക്കാർക്ക് ഇല്ലാതെയായി.

നേരത്തേ ഡിവിഷൻ ഓഫിസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ തസ്തിക അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരുടേതായി ഉയർത്തിയിരുന്നു. ചെക്ക് ഒപ്പിടുക തുടങ്ങിയ മിനിസ്റ്റീരിയൽ ജോലികളായിരുന്നു ഇവർക്ക്. ഇവരെയെല്ലാം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എന്ന വിഭാഗം ഉണ്ടാക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കു നിയമിച്ചു. 170 അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരാണ് ഇത്തരത്തിൽ ഒറ്റയടിക്ക് വർധിച്ചത്.