Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഫ്താസ് റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള കമ്പനിയെന്നു മന്ത്രി, അല്ലെന്നു പ്രതിപക്ഷം

Reserve Bank of India

തിരുവനന്തപുരം∙ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കു പൊതു സോഫ്റ്റ്‌വെയർ തയാറാക്കാൻ ചുമതലപ്പെടുത്തിയ ഇഫ്താസ് എന്ന കമ്പനി റിസർവ് ബാങ്കിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി(ഐഡിആർബിടി) എന്ന സ്ഥാപനത്തിൽ റജിസ്റ്റർ ചെയ്ത കമ്പനിയാണെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ സ്ഥാപനത്തിന്റെ മറ്റ് ഉടമസ്ഥർ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ നബാർഡ്, സി–ഡാക്, ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ഇനവേഷൻ കൗൺസിൽ എന്നിവയാണെന്നും മന്ത്രി അവകാശപ്പെട്ടു.

സോഫ്റ്റ്‌വെയർ തയാറാക്കാൻ ഇഫ്താസിനെ ടെൻഡർ ക്ഷണിക്കാതെ ചുമതലപ്പെടുത്തിയതിൽ ക്രമക്കേടുണ്ടെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ ഇത് സ്വകാര്യ കമ്പനിയാണെന്ന് ആർടിക്കിൾ ഓഫ് അസോസിയേഷനിൽ പറയുന്നുണ്ടെന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 51 ശതമാനത്തിൽ കൂടുതൽ ഓഹരികളില്ലാത്ത കമ്പനികളെ ആർടിക്കിൾ ഓഫ് അസോസിയേഷനിൽ സ്വകാര്യ കമ്പനികളായാണു വിശേഷപ്പിക്കാറെന്നു മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിഹിതം സർക്കരിന്റെതായി കണക്കാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഫ്താസിന്റെ ചെയർമാൻ ഐഡിബിആർടി മെംബർ സെക്രട്ടറിയായ ഡോ.എ.എസ്.രാമശാസ്ത്രിയാണെന്നു കടകംപള്ളി പറഞ്ഞു.

റിസർവ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ, ചീഫ് ജനറൽ മാനേജർ, നബാർഡ് ജനറൽ മാനേജർ, സി–ഡാക് ഡയറക്ടർ, ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ഇനവേഷൻ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് തുടങ്ങിയവരാണ് ഡയറക്ടർമാർ. നിലവിൽ അൻപതിൽപ്പരം പൊതുമേഖലാ, സഹകരണ, സ്വകാര്യ ബാങ്കുകൾക്കു കോർ ബാങ്കിങ്, അനുബന്ധ സേവനങ്ങൾ നൽകുന്നത് ഇഫ്താസാണെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ അദ്ദേഹം മേശപ്പുറത്തു വച്ചു. ഇഫ്താസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും അവ വിശദമായി പിന്നീടു സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല പറഞ്ഞു.

related stories