Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ: ഇടതു മുന്നണി തിരഞ്ഞെടുപ്പ് സെക്രട്ടറിയെ മാറ്റി

cpm-logo-1

ചെങ്ങന്നൂർ ∙ ഉപതിരഞ്ഞെടുപ്പിലെ ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെ മാറ്റി. സിപിഎം ഏരിയ സെക്രട്ടറി എം.എച്ച്. റഷീദിനെ സെക്രട്ടറിയായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടു ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപ്പണിക്കർക്കു ചുമതല നൽകുകയായിരുന്നു. സെക്രട്ടറിയെ മാറ്റിയ വിവരം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തിരഞ്ഞെടുപ്പ് കൺവൻഷനിലാണു പാർട്ടി നേതാക്കൾ പോലും അറിഞ്ഞത്.

എം.എച്ച്. റഷീദിന്റെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു ചുമതല മാറ്റാൻ തീരുമാനിച്ചത്. കാരണം വ്യക്തമല്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ ആർ. രാഘവനു പാർട്ടിയുടെ ചെങ്ങന്നൂർ സെന്ററിന്റെ ചുമതല നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനു നേതൃത്വം നൽകുന്ന മർമ പ്രധാനമായ ചുമതലയാണു തിരഞ്ഞെടുപ്പ് സെക്രട്ടറിയുടേത്. ഒരിക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയാൽ മാറ്റുന്ന പതിവും സിപിഎമ്മിലില്ല. സംഘടനാ വേദിയിൽ ചർച്ച ചെയ്തു തിരഞ്ഞെടുത്ത സെക്രട്ടറിയെ കാരണം കൂടാതെ മാറ്റുന്നതിൽ പ്രവർത്തകർക്കും ആശങ്കയുണ്ട്.