Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും വീരേന്ദ്രകുമാർ

veerendrakumar കേരളത്തിൽ നിന്നു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.പി. വീരേന്ദ്രകുമാറിനെ തിരുവനന്തപുരത്ത് എകെജി സെന്ററിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിനന്ദിക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം. ചിത്രം:മനോരമ

തിരുവനന്തപുരം∙ ജനതാദളി(യു)ലെ പിളർപ്പിനെ തുടർന്നു രാജിവച്ച ഒഴിവിൽ എം.പി.വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭയിലേക്ക്. എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മൽസരിച്ച വീരേന്ദ്രകുമാർ (81) യുഡിഎഫിലെ ബി.ബാബു പ്രസാദിനെ പരാജയപ്പെടുത്തി (89–40). ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി.

നിലവിൽ 139 അംഗങ്ങളുള്ള നിയമസഭയിലെ 130 പേർ വോട്ട് രേഖപ്പെടുത്തി. ഇരുമുന്നണിയിലുമല്ലാതെ നിൽക്കുന്ന കേരള കോൺഗ്രസിലെ ആറ് എംഎൽഎമാർ വിട്ടുനിന്നു. ഒ.രാജഗോപാൽ (ബിജെപി), പി.സി.ജോർജ് (സ്വതന്ത്രൻ) എന്നിവരും വോട്ട് ചെയ്തില്ല. അനാരോഗ്യം മൂലം ഈ സഭാസമ്മേളനത്തിൽ നിന്ന് അവധിയെടുത്ത ടി.എ.അഹമ്മദ് കബീർ (മുസ്‌ലിം ലീഗ്) വോട്ട് ചെയ്തില്ല. ചികിത്സയിൽ കഴിയുന്ന ഇ.പി.ജയരാജൻ (സിപിഎം) മെഡിക്കൽ കോളജിൽ നിന്നെത്തി വോട്ട് ചെയ്തു. ചെങ്ങന്നൂരിലെ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു ഭരണപക്ഷത്തു 90 പേരാണുള്ളത്. ഇതിലെ ഒരു വോട്ടാണ് അസാധുവായത്. 

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു യുഡിഎഫ് പരാതി നൽകിയതിനെ തുടർന്നുള്ള അനിശ്ചിത്വം കാരണം വൈകിയാണു വോട്ടെണ്ണിയത്. എൽഡിഎഫിലെ സിപിഐ, ജനതാദൾ (എസ്), എൻസിപി കക്ഷികൾ പോളിങ് ഏജന്റിനെ വച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസിലെ സണ്ണി ജോസഫ് നിയമസഭാ സെക്രട്ടറിയെ സമീപിച്ചു. ഇതു തള്ളിയതിനെ തുടർന്ന് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.

പാർട്ടിയുടെ ഏജന്റിനെ വോട്ട് ചെയ്തതു കാണിക്കണമെന്നാണു ചട്ടമെന്നു പരാതിയിൽ അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് ഏജന്റ് നിർബന്ധമില്ലെന്നും വോട്ടവകാശം അതിന്റെ പേരിൽ അംഗങ്ങൾക്കു നിഷേധിക്കാൻ കഴിയില്ലെന്നും വരണാധികാരി മറുപടി നൽകി. തുടർന്നു കേന്ദ്ര കമ്മിഷനെ സമീപിച്ചതുമൂലം അഞ്ചുമണിക്കു തുടങ്ങേണ്ട വോട്ടെണ്ണൽ 5.45ന് ആണ് ആരംഭിച്ചത്. ആറേകാലോടെ ഫലമായി.

യുഡിഎഫിൽ നിന്ന് എൽഡിഎഫിന്റെ ഭാഗമായ എം.പി.വീരേന്ദ്രകുമാർ അതിനു മുന്നോടിയായി 2017 ഡിസംബർ 20നു രാജിവച്ച ഒഴിവിലാണു വീണ്ടും മത്സരിച്ചത്. 2016ൽ യുഡിഎഫ് ടിക്കറ്റിൽ രാജ്യസഭാംഗമായ അദ്ദേഹത്തിനു 2022 വരെയാണു കാലാവധി. ജനതാദൾ (യു) പിളർന്നപ്പോൾ നിതീഷ്കുമാർ വിഭാഗത്തിന് അംഗീകാരം ലഭിച്ചതു മൂലമാണു ശരദ് യാദവ് വിഭാഗത്തിനൊപ്പം നിൽക്കുന്ന വീരേന്ദ്രകുമാറിനു സ്വതന്ത്രനായി പത്രിക നൽകേണ്ടിവന്നത്. എകെജി സെന്ററിലെത്തിയ വീരേന്ദ്രകുമാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെക്കണ്ടു നന്ദി അറിയിച്ചു.

related stories