Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരു.–കാസർകോ‍ട് പുതിയ റെയിൽ പാതകൾക്കായി പഠനം

railway track

തിരുവനന്തപുരം∙ ഇവിടെ നിന്നു കാസർകോട് വരെ നിലവിലുള്ള റെയിൽ പാതയ്ക്കു സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം സംബന്ധിച്ചു സംയുക്ത പഠനം നടത്താൻ റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ധാരണയായി.

നിർദിഷ്ട പദ്ധതി സംബന്ധിച്ചു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് സാധ്യതാ പഠനം നടത്തിയിരുന്നു. സിഗ്നൽ സംവിധാനം ആധുനികവൽക്കരിക്കുന്നതുൾപ്പെടെ പദ്ധതിക്ക് 47769 കോടി രൂപയാണു കണക്കാക്കിയിരുന്നത്. ഇതു സംബന്ധിച്ചു വിശദ പഠനം റെയിൽവേയും കെആർഡിസിഎല്ലും ചേർന്നു നടത്തും. പാലക്കാട്ടെ നിർദിഷ്ട കോച്ച് ഫാക്ടറി പ്രായോഗികമല്ലെന്ന നിലപാടിലാണു റെയിൽവേ. പരമ്പരാഗത കോച്ചുകൾ നിർമിക്കാൻ ഇപ്പോൾ മൂന്നു ഫാക്ടറികൾ ഉണ്ട്‌. അതിനാൽ മെട്രോ കോച്ച് നിർമിക്കുന്ന ഫാക്ടറിയായി ഈ പദ്ധതി മാറ്റാനാവുമോ എന്നതു സംബന്ധിച്ച സാധ്യത റെയിൽവെ ആരായുമെന്നു ചെയർമാൻ ഉറപ്പു നൽകി.

തലശേരി - മൈസൂർ റെയിൽവേ ലൈനിനെക്കുറിച്ചു കർണാടക തിരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യാൻ ധാരണയായി. കർണാടകവും കൂടി ഉൾപ്പെട്ട പദ്ധതിയാണിത്. അങ്കമാലി-ശബരി പാതയുടെ ചെലവ് പൂർണമായി റെയിൽവേ വഹിക്കണമെന്നു മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ പകുതി ചെലവ് കേരളം വഹിക്കണമെന്നതാണു റെയിൽവേ നിലപാട്. ദേശീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ പദ്ധതിച്ചെലവു മുഴുവൻ വഹിക്കാൻ കേന്ദ്രത്തിനു ബാധ്യതയുണ്ട്. സംയുക്ത സംരംഭം എന്ന രീതി വരുന്നതിനു മുൻപ് 1996 ൽ അനുവദിച്ച പദ്ധതിയാണിത്. 300 കോടി രൂപ ഇതിനോടകം ചെലവഴിച്ച കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച് ഇക്കാര്യം വീണ്ടും പരിശോധിക്കാമെന്നു ചെയർമാൻ ഉറപ്പു നൽകി.

വിഴിഞ്ഞം തുറമുഖത്തു നിന്നു ബാലരാമപുരം വരെയുള്ള റെയിൽ ലിങ്കിന് അനുമതി നൽകാമെന്നു ചെയർമാൻ അറിയിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിനു കൊങ്കൺ റെയിൽ കോർപറേഷനെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്തെ പഴയ സ്റ്റേഷന്റെ ഭൂമി ഉപയോഗിച്ചു പുതിയ ടെർമിനൽ സ്ഥാപിക്കുന്നതിനു ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകാമെന്നു ചെയർമാൻ അറിയിച്ചു.

സ്റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതിയിൽ തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊച്ചുവേളി എന്നിവ കൂടി ഉൾപ്പെടുത്താൻ ധാരണയായി. നേമം സ്റ്റേഷൻ വികസനം ബോർഡ് അനുഭാവപൂർവം പരിഗണിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ സൗകര്യം കുറവായതുകൊണ്ട് കണ്ണൂർ-തിരുവനനന്തപുരം ശബരി ട്രെയിൻ അനുവദിക്കുന്നതിനും രാജധാനി കൂടുതൽ ദിവസം ഓടിക്കുന്നതിനും തടസ്സമുണ്ടെന്നാണു റെയിൽവേ പറയുന്നത്. ഇതു കണക്കിലെടുത്തു കൊച്ചുവേളി സ്റ്റേഷൻ വികസിപ്പിക്കുകയും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലോടുന്ന കുടുതൽ ട്രെയിനുകളിൽ ആധുനിക കോച്ചുകൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇപ്പോൾ മൂന്നു ട്രെയിനുകളിൽ മാത്രമാണ് ആധുനിക കോച്ച് ഉള്ളത്. കേരളത്തിലെ റെയിൽ വികസന പദ്ധതി ഓരോ മാസവും അവലോകനം ചെയ്യാനും ധാരണയായി. ചർച്ചയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, റസിഡന്റ് കമ്മിഷണർ ബിശ്വാസ് മേത്ത, മീഡിയ അഡ്വൈസർ ജോൺ ബ്രിട്ടാസ്, മരാമത്തു സെക്രട്ടറി കമലവർധന റാവു, കെആർഡിസിഎൽ എംഡി അജിത്കുമാർ എന്നിവർ പങ്കെടുത്തു.