Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം അട്ടിമറിച്ച ചോദ്യച്ചോർച്ച

x-default, Home x-default, വസ്തു വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

കൊച്ചി ∙ മുംബൈയ്ക്കു സ്ഥലംമാറ്റം കിട്ടിയതിനാൽ കുടുംബസഹിതം താമസം മാറാനായി യാത്രയ്ക്കു ടിക്കറ്റെടുക്കുക മാത്രമല്ല, താമസിച്ചിരുന്ന വാടക വീട് ഒഴിയാൻ നോട്ടിസ് കൊടുക്കുകയും ചെയ്തു വി.കെ. ജ്ഞാനദേവ്. എന്നാൽ, സിബിഎസ്ഇ പത്താംക്ലാസ് കണക്കു പരീക്ഷയുടെ പേപ്പർ ചോർന്നതിനാൽ പരീക്ഷ റദ്ദാക്കിയത് എല്ലാ പദ്ധതിയും തകിടം മറിച്ചു. പത്താംക്ലാസ് വിദ്യാർഥിയാണു മകൻ നിർമൽ. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ജ്ഞാനദേവ് കടവന്ത്രയിലാണു താമസം. 

സ്ഥലംമാറ്റമായതിനാൽ മുംബൈയിലെ ശാഖയിൽ ഉടൻ ജോലിയിൽ പ്രവേശിക്കണം. ബുധനാഴ്ച പത്താംക്ലാസിലെ അവസാന പരീക്ഷയും തീരുമെന്നതിനാലാണു മുംബൈയിലേക്കു പോകാനായി കുടുംബസമേതം തയാറെടുത്തത്. എന്നാൽ, പരീക്ഷ റദ്ദായി അതിനി എന്നു നടക്കുമെന്ന അനിശ്ചിതത്വം കൂടിയായപ്പോൾ എല്ലാം കുഴഞ്ഞുമറിഞ്ഞു. കുടുംബത്തെ കൊച്ചിയിൽ എവിടെയെങ്കിലും നിർത്തി മുംബൈയ്ക്ക് ഒറ്റയ്ക്കു പോകാൻ ഒടുവിൽ അദ്ദേഹം തീരുമാനിച്ചു.

ഇൗ കുടുംബത്തിന്റെ മാത്രം ക്ലേശമല്ല ഇത്. ചോദ്യച്ചോർച്ച മൂലം ധാരാളം കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. റദ്ദാക്കിയത് സിബിഎസ്ഇ പത്താംക്ലാസിലെ കണക്ക്, പന്ത്രണ്ടാംക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷകളാണ്. ഈ പരീക്ഷകളെഴുതിയ കുട്ടികളുള്ള എല്ലാ കുടുംബവും അനുഭവിക്കുന്നുണ്ട് ചെറുതോ വലുതോ ആയ പ്രയാസങ്ങൾ.

തയാറെടുപ്പും പരീക്ഷയെഴുത്തുമായി ഒരുമാസത്തോളം കഠിനാധ്വാനം ചെയ്ത വിദ്യാർഥികൾക്ക് അവധിക്കാലത്ത് അൽപം ഉല്ലാസം നൽകാൻ യാത്രയ്ക്കും മറ്റും പരിപാടിയിട്ട മാതാപിതാക്കളെല്ലാം കുഴപ്പത്തിലായി. വിദേശത്തേക്കും മറ്റും അവധിക്കാലയാത്ര പദ്ധതിയിട്ടവർക്കുണ്ടായതു കനത്ത സാമ്പത്തിക നഷ്ടം. കൊച്ചി ഗിരിനഗർ ഭവൻസിലെ പത്താംക്ലാസ് വിദ്യാർഥി വിൻസന്റ് ആന്റണിയുടെ കണക്കു പരീക്ഷ റദ്ദായതുമൂലം റദ്ദാക്കേണ്ടിവരുന്നതു കുടുംബത്തിന്റെ ഓസ്ട്രേലിയൻ യാത്രയാണ്. ഏപ്രിൽ ഒന്നിനു രാത്രി ഓസ്ട്രേലിയയിലേക്കു പുറപ്പെടുന്ന രീതിയിലാണ് 15 ദിവസത്തെ യാത്ര ആസൂത്രണം ചെയ്തതെന്നു വിൻസന്റ് ആന്റണിയുടെ മാതാവ് അനു വിപിൻ പറഞ്ഞു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകളുമെടുത്തിരുന്നു. യാത്രയ്ക്ക് ആവശ്യമായ ഷോപ്പിങ്ങും നടത്തി. ടിക്കറ്റ് മാറ്റിയെടുക്കാമെന്നുവച്ചാൽ പരീക്ഷാത്തീയതി പ്രഖ്യാപിക്കാത്തതിന്റെ ആശയക്കുഴപ്പമുണ്ട്. 

എറണാകുളം ചെമ്പുമുക്ക് സ്വദേശി ജോസഫ് അലക്സിന്റെ കുടുംബത്തിന് പരീക്ഷ റദ്ദാക്കലിലൂടെ ഇരട്ട തിരിച്ചടിയാണുണ്ടായത്. ഈ വീട്ടിലെ രണ്ടു കുട്ടികളുടെയും പരീക്ഷ റദ്ദായി. മകൾ മേഘ്ന പന്ത്രണ്ടിലും മകൻ സച്ചിൻ പത്തിലുമാണു പഠിക്കുന്നത്. ഡൽഹിയിലെ ബന്ധുവീട്ടിലേക്കു മക്കളെ അയയ്ക്കാനായി മടക്ക ടിക്കറ്റ് ഉൾപ്പെടെ ബുക്ക് ചെയ്തിരിക്കെയാണു പരീക്ഷ റദ്ദായത്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിനിയായ ഡോണ മാർട്ടിൻ മാതാപിതാക്കൾക്കൊപ്പം സിംഗപ്പൂർ–മലേഷ്യ യാത്രയാണു പദ്ധതിയിട്ടിരുന്നത്. യാത്ര മുടങ്ങിയതല്ല, ഇത്രയും കഠിനാധ്വാനം ചെയ്തു പരീക്ഷയെഴുതിയിട്ടും മറ്റാരുടെയോ കുറ്റത്തിന് പരീക്ഷ വീണ്ടും എഴുതേണ്ടിവരുന്നതിൽ മകൾക്കുള്ള മാനസിക ബുദ്ധിമുട്ടാണ് അലട്ടുന്നതെന്നു ഡോണയുടെ പിതാവ് തൈക്കൂടം സ്വദേശി മാർട്ടിൻ പറയുന്നു.

യാത്ര മുടങ്ങിയതിലും സാമ്പത്തിക നഷ്ടമുണ്ടായതിലുമല്ല മാതാപിതാക്കൾക്കു പരാതി. മക്കളുടെ കഷ്ടപ്പാടിനെക്കുറിച്ചാണ് ഇവരുടെയെല്ലാം ചിന്ത. ഈസ്റ്റർ ആഘോഷത്തിലും മറ്റും ആശ്വാസത്തോടെ പങ്കെടുക്കാമെന്നു കരുതിയിരുന്ന വിദ്യാർഥികളുടെ ആഘോഷം ഇനി പരീക്ഷപ്പേടിയിലാണ്.