Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിലെ ഹോംസ്റ്റേയും ഭൂമിയും റവന്യു വകുപ്പ് ഏറ്റെടുത്തു

munnar മൂന്നാറിൽ കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് വ്യാപാരി കൈവശം വച്ചിരുന്ന ലൗ ഡെയ്ൽ മന്ദിരവും ഭൂമിയും ഒഴിപ്പിക്കാൻ റവന്യു ഉദ്യോഗസ്ഥർ എത്തിയപ്പോൾ.

മൂന്നാർ ∙ കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ചു വ്യാപാരി കൈവശം വച്ചിരുന്ന ലൗ ‍ഡെയ‌്‌ൽ ഹോംസ്റ്റേയും ഭൂമിയും റവന്യു വകുപ്പ് ഏറ്റെടുത്തു. ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനെത്തുടർന്നാണു നടപടി. 

ദേവികുളം തഹസിൽദാർ പി.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കൽ നടപടികളുമായി ഇന്നലെ രാവിലെ ഹോംസ്റ്റേയിലെത്തി. ഈ സമയം ഇവിടെയുണ്ടായിരുന്ന രണ്ടു ജീവനക്കാർ കെട്ടിടത്തിന്റെ താക്കോൽ തഹസിൽദാർക്കു കൈമാറിയ ശേഷം ഒഴിഞ്ഞുപോയി. തുടർന്ന് കെട്ടിടം ഏറ്റെടുത്ത ശേഷം ഉള്ളിലെ സാധനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി രേഖയിലാക്കി. താലൂക്ക് സർവേയർ എ.ആർ.ഷിജുവിന്റെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തി. തഹസിൽദാരുടെ നേതൃത്വത്തിൽ കെട്ടിടത്തിനു മുന്നിൽ മൂന്നാർ വില്ലേജ് ഓഫിസ് എന്ന ബോർഡും സ്ഥാപിച്ചു. മൂന്നാർ എസ്ഐയുടെ നേതൃത്വത്തിൽ മൂന്നാർ, ഇടുക്കി എആർ ക്യാംപുകളിൽ നിന്നുള്ള വൻ പൊലീസ് സംഘത്തെ സ്ഥലത്തു നിയോഗിച്ചിരുന്നു. 

1948 മുതൽ സർക്കാർ വിവിധ അബ്കാരികൾക്കു കുത്തകപ്പാട്ട വ്യവസ്ഥ പ്രകാരം നൽകിയ ഭൂമിയും കെട്ടിടവുമാണ് 2005ൽ മൂന്നാർ സ്വദേശിയായ വി.വി. ജോർജ് കൈവശപ്പെടുത്തിയത്. കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് റവന്യു വകുപ്പ് നോട്ടിസ് നൽകിയെങ്കിലും ഒഴിയാൻ തയാറായില്ല. തുടർന്നു കോടതിയെ സമീപിച്ചു. 2017 ഒക്ടോബറിൽ സർക്കാർ വാദം അംഗീകരിച്ച ഹൈക്കോടതി മാർച്ച് 31നകം കെട്ടിടവും ഭൂമിയും റവന്യു വകുപ്പിനു കൈമാറാൻ ഉത്തരവിട്ടു. ഇതിനെതിരെ വി.വി. ജോർജ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായില്ല. 

റവന്യു വകുപ്പ് ഏറ്റെടുത്ത ലൗ ഡെയ്‌ൽ ഹോംസ്റ്റേ കെട്ടിടത്തിൽ ഇന്നു മുതൽ മൂന്നാർ വില്ലേജ് ഓഫിസിന്റെ പ്രവർത്തനം ആരംഭിക്കുമെന്നു ദേവികുളം തഹസിൽദാർ പി.കെ.ഷാജി അറിയിച്ചു. കെഡിഎച്ച് വില്ലേജ് ഓഫിസിലെ മൂന്നാർ സെക്ടർ ഓഫിസർ ജോസഫ് സണ്ണിയെ പുതിയ വില്ലേജ് ഓഫിസറായി കലക്ടർ ജി.ആർ.ഗോകുൽ നിയമിച്ചു. ഹോംസ്റ്റേ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ ഉടൻ തന്നെ ഓഫിസ് സജ്ജമാക്കി. പുതിയ വില്ലേജ് സംബന്ധിച്ച ഫയലുകൾ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചു.