Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ അവസാനിപ്പിച്ചു

തിരുവനന്തപുരം∙ ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണു നിർദേശം മന്ത്രിസഭയിൽ അവതരിപ്പിച്ചത്.

ആഭ്യന്തര വകുപ്പിനു കീഴിലാണു ട്രൈബ്യൂണൽ എന്നതിനാൽ റവന്യു വകുപ്പിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ നിലവിൽ വന്നതു നിയമത്തിന്റെ അടിസ്ഥാനത്തിലായതിനാൽ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെങ്കിൽ സ്പെഷൽ ട്രൈബ്യൂണൽ നിയമം റദ്ദാക്കണം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനും തീരുമാനിച്ചു. ട്രൈബ്യൂണലിൽ നിലവിലുളള കേസുകളുടെ കൈമാറ്റവും തീർപ്പാക്കലും സംബന്ധിച്ച നടപടിക്രമം പിന്നീടു പുറപ്പെടുവിക്കും. ലക്ഷ്യപ്രാപ്തിക്ക് ഉതകുന്ന രീതിയിലല്ല ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത് എന്നതിനാൽ അവസാനിപ്പിക്കാൻ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

മൂന്നാർ കയ്യേറ്റ ആരോപണങ്ങൾ സർക്കാരിനെ ബാധിച്ചതു പോലെ മൂന്നാർ കേസ് കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണൽ അവസാനിപ്പിക്കാനുള്ള തീരുമാനം രാഷ്ട്രീയമായി സർക്കാരിനു ദോഷമുണ്ടാക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ യോഗത്തിൽ പറഞ്ഞു. തുടർന്നു മറ്റു ചില മന്ത്രിമാരും രംഗത്തെത്തി. നിയമസഭ പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിലാണു സ്പെഷൽ ട്രൈബ്യൂണൽ പ്രവർത്തനം തുടങ്ങിയത്. ഇതു നിർത്തലാക്കാൻ മന്ത്രിസഭയ്ക്കു സാധിക്കില്ലെന്നും അതിനായി ബില്ലോ ഓർഡിനൻസോ കൊണ്ടുവരണമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഓർഡിനൻസിനു തീരുമാനിച്ചത്.

ജില്ലാ ജഡ്ജി അധ്യക്ഷനും ജില്ലാ ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള വ്യക്തിയും വിരമിച്ച ജഡ്ജിയും അംഗങ്ങളായ മൂന്നംഗ ട്രൈബ്യൂണലാണു നിലവിലുള്ളത്. രണ്ടര വർഷമായി ട്രൈബ്യൂണലിനു ചെയർമാനില്ല. 2016 ഫെബ്രുവരി വരെ എസ്.ജഗദീഷ് ചെയർമാൻ സ്ഥാനത്തുണ്ടായിരുന്നു. ഇപ്പോൾ രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. ട്രൈബ്യൂണലിന് അർധ ജുഡീഷൽ അധികാരമേയുള്ളൂ എന്നതിനാൽ വിധി കർശനമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. വിധി നടപ്പാക്കുന്നതിനു ജില്ലാ കോടതിയെ സമീപിക്കണം.

ഭൂമികയ്യേറ്റക്കേസുകൾ പരിഗണിക്കാൻ സംവിധാനമില്ലാതായി

ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ മൂന്നാർ അടക്കമുള്ള പ്രദേശങ്ങളിലെ കയ്യേറ്റക്കേസുകൾ കേൾക്കാൻ സംവിധാനമില്ലാതായി. റവന്യു വകുപ്പു കൊണ്ടുവരാൻ പോകുന്ന കയ്യേറ്റം തടയൽ നിയമത്തിൽ പുതിയ ട്രൈബ്യൂണലിനു ശുപാർശയുണ്ടെങ്കിലും അതു നിലവിൽ വരുമ്പോഴേക്കും മൂന്നാറിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന ആശങ്കയുണ്ട്.

2011ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണു സ്പെഷൽ ട്രൈബ്യൂണൽ ആരംഭിച്ചത്. ഭൂമി കയ്യേറ്റക്കേസുകൾക്കായാണു തുടങ്ങിയതെങ്കിലും പിന്നീടു ഭൂമി സംബന്ധമായ കേസുകളെല്ലാം പരിഗണനയ്ക്കെത്തി. അതോടെ പ്രവർത്തനം മന്ദഗതിയിലായി. ട്രൈബ്യൂണൽ തീർപ്പാക്കിയ കേസുകളുടെ എണ്ണം വളരെ കുറവാണ്. ഹൈക്കോടതി റജിസ്ട്രാറുടെ റിപ്പോർട്ട് അനുസരിച്ച് 42 കേസുകളാണ് ഇതുവരെ തീർപ്പാക്കിയത്. നൂറുകണക്കിനു കേസുകൾ കെട്ടിക്കിടക്കുന്നു. ഹൈക്കോടതിയിൽ നിന്നും ജില്ലാ കോടതിയിൽ നിന്നും പരിഗണനയ്ക്കു വിട്ട കേസുകളും ഇതിലുണ്ട്.