Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിച്ചഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ; വയനാട്ടിൽ രണ്ട് ഉദ്യോഗസ്ഥർക്കു കൂടി സസ്പെന്‍ഷന്‍

മാനന്തവാടി(വയനാട്) ∙ വ്യാജ ഭൂനികുതി രസീതും കൈവശ അവകാശ സർട്ടിഫിക്കറ്റും തയാറാക്കി മിച്ചഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു റവന്യു ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു. മാനന്തവാടി താലൂക്ക് ഓഫിസിലെ സീനിയർ ക്ലാർക്ക് സന്തോഷ് ശിവനാരായണൻ, വെളളമുണ്ട ബാണാസുരസാഗർ ഇറിഗേഷൻ പ്രോജക്ട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് അജയ് സിറിൾ എന്നിവരെയാണ് കലക്ടർ സസ്പെൻഡ് ചെയ്തത്.

പയ്യമ്പളളി വില്ലേജിൽ പുതിയിടത്ത് രണ്ട് ഹെക്ടറോളം സ്ഥലത്തിന്റെ നികുതി സ്വീകരിച്ചതായാണ് വ്യാജരേഖ ഉണ്ടാക്കിയത്. മിച്ചഭൂമി കേസിൽ ഹൈക്കോടതിയിൽ സ്റ്റേ നിലനിൽക്കുന്ന സ്ഥലത്തിനാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്. 2017ലാണ് സംഭവം. വ്യാജരേഖകൾ ഉപയോഗിച്ച് സ്ഥലം വിൽക്കാന്‍ പയ്യമ്പളളി വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണ് വില്ലേജ് ഓഫിസർക്ക് സംശയം തോന്നിയത്. തുടർന്ന് തഹസിൽദാറെ വിവരം അറിയിച്ചു.

പ്രശ്നം പഠിച്ച തഹസിൽദാർ എൻ.ഐ. ഷാജു കഴിഞ്ഞ ദിവസം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സന്തോഷ് ശിവനാരായണൻ മുൻപ് പയ്യമ്പളളി വില്ലേജിൽ ജോലി ചെയ്തിട്ടുണ്ട്. അജയ് സിറിൾ കണിയാമ്പറ്റ വില്ലേജ് ഓഫിസിൽ ജോലി ചെയ്യവെ സസ്പെൻഷനിലായിരുന്നു. വ്യാജരേഖകൾ ചമച്ച് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

വയനാട് ഭൂമിവിവാദം: ലാൻഡ് റവന്യു കമ്മിഷണർ ഇന്നു വയനാട്ടിൽ 

കൽപറ്റ ∙ സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഉൾപ്പെട്ട ഭൂമിവിവാദം അന്വേഷിക്കുന്നതിനായി ലാൻഡ് റവന്യൂ കമ്മിഷണർ ഇന്ന് വയനാട്ടിലെത്തും. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചതിനു പുറമെയാണ് സാങ്കേതിക ഉദ്യോഗസ്ഥർ അടക്കമുള്ള സംഘവുമായി  എത്തുന്നത്. കൃത്യമായ സന്ദർശന വിവരം ജില്ലാഭരണകൂടത്തിനും ലഭിച്ചിട്ടില്ല. വിളിക്കുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖയുമായി ഹാജരാകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

ഇതിനിടെ, വയനാട്ടിൽ ഭൂമി ഇടപാടുകളിലെ തട്ടിപ്പുകൾ ഇല്ലാതാക്കാൻ കലക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഇടനിലക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമാണ് അഴിമതിക്കു വഴിതുറക്കുന്നതെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ഇടനിലക്കാരെ സർക്കാർ ഓഫിസുകളിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഒപ്പം തന്നെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട കണക്കുകളും രേഖകളുമെല്ലാം ശേഖരിച്ച് കൃത്യമാക്കാൻ നടപടി തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് ജോലിയിൽ കൂടുതൽ ജാഗ്രത കാണിക്കാനും നിർദേശം നൽകിയിട്ടുണ്ട്.