രാമപുരം പത്മനാഭ മാരാർ അന്തരിച്ചു

പാലാ ∙ സോപാന സംഗീതത്തിനായി ഒരു നൂറ്റാണ്ടിലേറെ സമർപ്പിച്ച രാമപുരം സമൂഹത്തുംമഠത്തിൽ പത്മനാഭ മാരാർ (113) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലായിരുന്നു അന്ത്യം.

എട്ടാം വയസ്സിൽ പത്മനാഭ മാരാർ ജീവിതത്തോടു ചേർത്തുവച്ച ഇടയ്ക്കയുടെ താളം രാമപുരത്തിന്റെ ഭാഗമായിട്ടു 105 വർഷമായി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കൊട്ടിപ്പാടി സേവയോടെ ആരംഭിക്കുന്നതായിരുന്നു പത്മനാഭ മാരാരുടെ ജീവിതം. പിന്നീടു ദിവസം മുഴുവനും ക്ഷേത്രത്തിലായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപും പത്മനാഭ മാരാരുടെ സോപാനസംഗീതം ക്ഷേത്രത്തിൽ മുഴങ്ങിയിരുന്നു.

രാമപുരം ചെറുവള്ളിൽ ശങ്കര മാരാരുടെയും പാർവതി വാരസിയാരുടെയും മകനായി 1905 ജനുവരി ഒന്നിന് (1080 ധനു 18) ആയിരുന്നു ജനനം. എട്ടാം വയസ്സിൽ പിതാവ് ശങ്കര മാരാരോടൊപ്പം ക്ഷേത്രത്തിലെത്തി. കഴകക്കാരനായി കൊട്ടിപ്പാടി സേവയുമായി ഒരു നൂറ്റാണ്ടിലേറെ പത്മനാഭ മാരാർ ക്ഷേത്രത്തിലുണ്ടായിരുന്നു. പഞ്ചാരിമേളത്തിലും പ്രഗത്ഭനായിരുന്നു. നാലാം ക്ലാസ് വരെ പഠിച്ചു. കുറിച്ചിത്താനം പുതുശേരിൽ മാരാത്തു കൊച്ചുനാരായണ മാരാരിൽ നിന്നു ക്ഷേത്രാചാരങ്ങളുടെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. പാലാ കുഞ്ഞുണ്ണി മാരാരുടെ ശിഷ്യത്വത്തിൽ വാദ്യോപകരണത്തിൽ ഉപരിപഠനം നേടി.

രാമപുരം ചാത്തോത്ത് പരേതയായ ഭവാനിയമ്മയാണു ഭാര്യ. മക്കൾ: ഗോപാലകൃഷ്ണൻ, നാരായണൻ, ചന്ദ്രൻ, ചന്ദ്രമതിയമ്മ. മരുമക്കൾ: ശാരദ, സുമതി, ശാന്ത, പരേതനായ മുരളീധരൻ പിള്ള. സംസ്കാരം ഇന്നു മൂന്നിന്.