അട്ടപ്പാടിയിൽ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നു ഹൈക്കോടതി

കൊച്ചി ∙ അട്ടപ്പാടിയിൽ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സർക്കാർ പദ്ധതികളെക്കുറിച്ചു പരിശോധിക്കാൻ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. ജില്ലാ ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനെയും സെക്രട്ടറിയെയും ഇതിനു ചുമതലപ്പെടുത്തി. സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുള്ള പദ്ധതി നടത്തിപ്പു സംബന്ധിച്ചു താഴേത്തട്ടിലെ ജനങ്ങൾക്കിടയിൽ പഠനം നടത്തി റിപ്പോർട്ട് നൽകാനാണു നിർദേശം.

ക്ഷേമപദ്ധതികളുടെ നടത്തിപ്പ് സോഷ്യൽ ഓ‍ഡിറ്റിനു വിധേയമാക്കണമെന്നും ചീഫ് സെക്രട്ടറിയുടെയും ഹൈക്കോടതിയുടെയും നിരീക്ഷണമുണ്ടെങ്കിൽ നടപടികളുടെ കാര്യക്ഷമത ഉറപ്പാക്കാമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സഹായിക്കുന്ന ‘അമിക്കസ് ക്യൂരി’ റിപ്പോർട്ട് നൽകിയിരുന്നു. ആദിവാസി ക്ഷേമത്തിനുള്ള ആനുകൂല്യങ്ങൾ ചോരുകയാണെന്നും പദ്ധതിഫലം ഗുണഭോക്താക്കളിൽ എത്തുംവിധം പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ആദിവാസി യുവാവ് മധു ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ പശ്ചാത്തലത്തിൽ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയാണു കോടതിയിൽ. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കാനുള്ള സംവിധാനത്തെക്കുറിച്ചു സർക്കാർ വിശദീകരിക്കുന്നില്ലെന്ന് അമിക്കസ് ക്യൂരി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേസ് പിന്നീടു പരിഗണിക്കാൻ മാറ്റി.