Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോയ്‌സിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ

Joyce George

കൊച്ചി∙ കൊട്ടാക്കമ്പൂർ ഭൂമി തട്ടിപ്പുകേസിൽ ഇടുക്കി എംപി ജോയ്‌സ് ജോർജിനും കുടുംബത്തിനുമെതിരെ തെളിവില്ലെന്നും തുടർനടപടികൾ അവസാനിപ്പിച്ചു തൊടുപുഴ സെഷൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

 ദേവികുളം സബ് റജിസ്ട്രാർ ഓഫിസിലെ വിരലടയാള റജിസ്റ്ററും മുക്ത്യാറുകളുടെ പകർപ്പും മുൻ ഉടമകളുടെ സാംപിൾ വിരലടയാളവും തിരുവനന്തപുരം ഫിംഗർപ്രിന്റ് ബ്യൂറോയിൽ പരിശോധനയ്ക്ക് അയച്ചതിൽ വിരലടയാളങ്ങളിൽ വ്യത്യാസമില്ലെന്നു കണ്ടുവെന്നും ഇടുക്കി ഡിവൈഎസ്പി എസ്. അഭിലാഷ് റിപ്പോർട്ട് നൽകി. സാംപിൾ ഒപ്പുകളുടെ പരിശോധനാഫലം ലഭിച്ചെന്നും അറിയിച്ചു.

വ്യാജരേഖ ചമച്ചു ഭൂമി കൈക്കലാക്കിയെന്ന കേസ് സിബിഐക്കു വിടണമെന്നാശ്യപ്പെട്ടു മുകേഷ് നൽകിയതുൾപ്പെടെ ഹർജികളാണു കോടതിയിൽ. കേസ് അടുത്തയാഴ്ച പരിഗണിക്കും.

കൊട്ടാക്കമ്പൂരിൽ 1995ൽ അഞ്ച് ഏക്കറോളം പട്ടയഭൂമി തനിക്കുണ്ടായിരുന്നുവെന്ന് ഒന്നാംപ്രതി പാലിയത്ത് ജോർജ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പട്ടയമില്ലാത്ത നാലേക്കർ വീതം അയൽവാസികൾ വിൽക്കാൻ തയാറായപ്പോൾ ഏക്കറിന് 30,000 രൂപ വീതം നൽകി വാങ്ങുകയായിരുന്നുവെന്നും ജോർജ് മൊഴി നൽകി. ദേവികുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി മുൻ ഉടമകളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഭൂമി തങ്ങൾ വിറ്റതാണെന്നും ആരും വഞ്ചിച്ചിട്ടില്ലെന്നും പരാതിയില്ലെന്നുമാണ് എല്ലാവരും മൊഴി നൽകിയത്.

ദേവികുളം സബ് കലക്ടർ പട്ടയം റദ്ദാക്കിയതിനെതിരെ കുറ്റാരോപിതർ നൽകിയ അപ്പീലുകൾ ഇടുക്കി ജില്ലാ കലക്ടറുടെ പരിഗണനയിലാണ്. ഈ പട്ടയങ്ങളിൽ ഒപ്പിട്ട തഹസിൽദാർ അറുമുഖൻ 2009ൽ മരിച്ചു. അറുമുഖന്റെ മകളും വില്ലേജ് ഓഫിസറും ഒപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസ് ഡയറി പരിശോധിച്ച തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ, കേസിൽ തുടർനടപടി ഉപേക്ഷിക്കാമെന്ന നിയമോപദേശമാണു നൽകിയത്.

ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയും കിട്ടിയതോടെ മാർച്ച് ഏഴിനു കേസ് അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് നൽകിയെന്നും ഡിവൈഎസ്പി അറിയിച്ചു. ഈ വിഷയത്തിൽ എട്ടു പരാതികളിൽ അഞ്ചു കേസുകളാണു ദേവികുളം പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

related stories