ലോക കേരള സഭയ്ക്ക് ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികൾ

തിരുവനന്തപുരം∙ ലോക കേരള സഭയ്ക്കു കീഴിൽ പ്രവാസികളും തദ്ദേശീയരുമായ 98 പേരെ ഉൾപ്പെടുത്തി സർക്കാർ ഏഴു സ്റ്റാൻഡിങ് കമ്മിറ്റികൾക്കു രൂപം നൽകി. സംസ്ഥാനത്തിന്റെ വികസനത്തിനായി ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നാം സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ പ്രമുഖ വ്യവസായി രവി പിള്ളയാണ്. പ്രവാസി നിക്ഷേപവും സുരക്ഷയും കൈകാര്യം  ചെയ്യുന്ന രണ്ടാം സ്റ്റാൻ‌ഡിങ് കമ്മിറ്റിയെ എം.എം.യൂസഫലി നയിക്കും. പ്രവാസികളുടെ പുനരധിവാസം നോക്കേണ്ട കമ്മിറ്റിയിൽ ഡോ.ആസാദ് മൂപ്പനെയും കുടിയേറ്റ കമ്മിറ്റിയിൽ സി.വി.റപ്പായിയെയും ചെയർമാൻമാരാക്കി.

പ്രവാസി വനിതകളുടെ ക്ഷേമത്തിനായുളള കമ്മിറ്റിയുടെ അധ്യക്ഷ സുനിത കൃഷ്ണനാണ്. സാംസ്കാരിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിൽ പ്രഫ. കെ.സച്ചിദാനന്ദനും രാജ്യത്തിനകത്തും എന്നാൽ കേരളത്തിനു പുറത്തുമുള്ള പ്രവാസികളുടെ ക്ഷേമങ്ങൾക്കായി പ്രവർത്തിക്കുന്ന സമിതിയിൽ എഴുത്തുകാരൻ എം.മുകുന്ദനും ചെയർമാൻമാരാണ്. ഡോ. കെ.ജെ.യേശുദാസ്, ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ, ഡോ. എം.എസ്.വല്യത്താൻ, ടി.ജെ.എസ്.ജോർജ്, പി.ടി.കുഞ്ഞുമുഹമ്മദ്, ഡോ. എം. അനിരുദ്ധൻ, പി.എൻ.സി.മേനോൻ, ഗോകുലം ഗോപാലൻ, ക്രിസ് ഗോപാലകൃഷ്ണൻ, എസ്.ഡി.ഷിബുലാൽ, സി.കെ.മേനോൻ, ഡോ. എം.എസ്. സ്വാമിനാഥൻ, കെ.കെ.വേണുഗോപാൽ, റസൂൽ പൂക്കുട്ടി, ബെന്യാമിൻ, അനിത നായർ, ബോസ് കൃഷ്ണമാചാരി, നടിമാരായ ശോഭന, രേവതി, ആശാ ശരത് തുടങ്ങി 98 പേർ ഏഴു കമ്മിറ്റികളിലായുണ്ട്.

എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലും നോർക്ക സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ കൺവീനറും സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി ജോയിന്റ് കൺവീനറുമായിരിക്കും. ജനുവരി 12നു തലസ്ഥാനത്തു ചേർന്ന പ്രഥമ ലോക കേരള സഭയുടെ തീരുമാന പ്രകാരമാണു സർക്കാർ സ്റ്റാൻഡിങ് കമ്മിറ്റികൾക്കു രൂപം നൽകിയത്. മൂന്നു മാസത്തിനുള്ളിൽ സമിതികൾ ആദ്യ യോഗം ചേർന്നു ഭാവി പദ്ധതികൾ സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കണം. അംഗങ്ങളുടെ സൗകര്യമനുസരിച്ച് എവിടെയും യോഗം ചേരാം.