കാവിലെ പാട്ടു മൽസരത്തിനു കാണാമെന്ന് എം.എം.മണി; മന്ത്രിമാരുടെ ട്രോളുകൾ വൈറലായി

തിരുവനന്തപുരം∙ ‘ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം’ എന്നു യുഡിഎഫിനു മന്ത്രി എം.എം.മണിയുടെ രൂക്ഷപരിഹാസം. ഫെയ്സ് ബുക്കിലാണ് പ്രശസ്തമായ സിനിമാ ഡയലോഗ് മാത്രമിട്ടു മണി യുഡിഎഫിനെ പൊരിച്ചത്. ‘സുഹൃത്തുക്കളേ, ഞാൻ സുരക്ഷിതനാണ്’ എന്നു ബിജെപിയെ പരിഹസിച്ചുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ട്രോളും വൈറലായി.

നേരത്തെ തിരുവനന്തപുരം ബിജെപി ഓഫിസിനെതിരെ ആക്രമണമുണ്ടായപ്പോൾ ‘ഞാൻ സുരക്ഷിതനാണ്’ എന്ന് അന്നു പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ ട്വീറ്റ് ചെയ്തിരുന്നു. ചെങ്ങന്നൂരിൽ ബിജെപിക്കു വോട്ടു ചോർന്നപ്പോൾ മിസോറാമിൽ ഗവർണറായ കുമ്മനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിച്ചായിരുന്നു കടകംപള്ളിയുടെ കുത്ത്.