സെർവർ തകരാർ; ബിഎസ്എൻഎൽ സേവനം തടസ്സപ്പെട്ടു

ആലപ്പുഴ∙ സെർവർ തകരാർമൂലം ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ സേവനങ്ങൾ കേരളത്തിൽ തടസ്സപ്പെട്ടു. പ്രീപെയ്ഡ് സർവീസ് നിയന്ത്രിക്കുന്ന കൊച്ചിയിലെ സെർവർ തകരാറിലായതാണു കാരണം. ഇന്നലെ രാവിലെ ഏഴോടെയാണ് കേരളത്തിലെ ചില സീരീസ് നമ്പറുകളിൽ ഡേറ്റ, കോൾ, എസ്എംഎസ് സേവനങ്ങൾ തടസ്സപ്പെട്ടത്. തിരുച്ചിറപ്പള്ളിയിലെ സെർവറിലേക്കു കണക്‌ഷൻ മാറ്റിനൽകി ഇന്നലെ ഉച്ചയോടെ സേവനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. കൊച്ചിയിലെ സെർവർ തകരാർ ഉടൻ പരിഹരിക്കുമെന്നും ഇവർ വിശദീകരിച്ചു.