ചെങ്ങന്നൂർ ഉപകാരസ്മരണ: ശോഭനയ്ക്ക് ഖാദി ബോർഡ്

കണ്ണൂർ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു വേണ്ടി പ്രചാരണം നടത്തിയ മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജിനു ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നൽകാൻ സിപിഎം തീരുമാനം. നിലവിൽ ഖാദി ബോർഡ് വൈസ് ചെയർമാനായ എം.വി.ബാലകൃഷ്ണൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായതിനെത്തുടർന്നു രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ബാലകൃഷ്ണൻ രാജിവയ്ക്കു‍ന്ന ഒഴിവിൽ ശോഭനയെ നിയമിക്കാനാണു ധാരണ.

കാപെക്സ് ചെയർമാൻ എസ്.സുദേവൻ, കയർബോർഡ് ചെയർമാൻ ആർ.നാസർ, ജിസിഡിഎ ചെയർമാൻ സി.എൻ.മോഹനൻ എന്നിവരും സിപിഎം ജില്ലാ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു സ്ഥാനങ്ങൾ രാജിവയ്ക്കും. ആ ഒഴിവുകൾ നികത്താനുള്ള ചർച്ചകളും സിപിഎം ആരംഭിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവായിരുന്ന ശോഭന ജോർജ് 1991 മുതൽ 2006 വരെ ചെങ്ങന്നൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ വിമതസ്ഥാനാർഥിയായി രംഗത്തെത്തിയ ശോഭന കഴിഞ്ഞ ഉപതിര‍ഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി. 2016ൽ ശോഭനയെ കോൺഗ്രസ് വിമതയായി രംഗത്തിറക്കിയതും സിപിഎം ആണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു.