കുഞ്ഞിളം കരച്ചിലിൽ ബെറ്റീന കൺതുറന്നു; ജീവിതത്തിലേക്ക്

ബെറ്റീനയും മകൻ എൽവിനും ആശുപത്രിയിൽ.

കോട്ടയം∙ ‍ആറുമാസങ്ങൾ നീണ്ട അബോധാവസ്ഥയ്ക്കൊടുവിൽ ബെറ്റീന കണ്‍തുറന്നു. നൊന്തു പെറ്റ കുഞ്ഞിന്റെ കരച്ചില്‍ കേട്ട്. കുഞ്ഞിനെ മാറോടുചേർത്തപ്പോൾ പാലിനൊപ്പം മിഴികളും തുളുമ്പി. ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ അദ്ഭുത നിമിഷം എന്നാണ് ഇവരെ ശുശ്രൂഷിച്ച കാരിത്താസിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ റെജി ഇതിനെ വിശേഷിപ്പിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞിനെ സ്വപ്നം കണ്ടു കഴിഞ്ഞ പേരൂർ പെരുമണ്ണിക്കാലാ അനൂപിന്റെയും ബെറ്റീനയുടെയും ജീവിതം മാറി മറിഞ്ഞത് ജനുവരിയിലാണ്. അന്നു മൂന്നു മാസം ഗർഭിണിയായിരുന്ന ബെറ്റീനയുടെ തലച്ചോറിനേറ്റ ക്ഷതംമൂലം അവർ കോമായിലായി. രണ്ടു മാസം വെന്റിലേറ്ററിലും പിന്നീട്  തീവ്ര പരിചരണ വിഭാഗത്തിലുമായുള്ള ജീവിതം. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ വേണ്ടി ഐസിയുവിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. ചെറിയ വളർച്ചക്കുറവൊഴിച്ചാൽ കുഞ്ഞിനു ശാരീരികമായും മാനസികമായും പ്രശ്നങ്ങളില്ലായിരുന്നു. അതുകൊണ്ട് 37-ാമത്തെ ആഴ്ചയിൽ, ജൂൺ 14ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അവന് എൽവിൻ എന്നു പേരുമിട്ടു.

അബോർഷൻ സംഭവിക്കുമെന്നായിരുന്നു ആദ്യം ഡോക്ടർമാർ കരുതിയത്. അല്ലെങ്കിൽ കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ ആർക്കുമുണ്ടായിരുന്നില്ല. ഒട്ടേറെ ഡോക്ടർമാരുടെ നിർദേശങ്ങൾ സ്വീകരിച്ചതിനു ശേഷമായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. പൂർണമായും ജീവിതത്തിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ബെറ്റീന പ്രസവശേഷം 10–ാം ദിവസം തന്നെ തിരിച്ചു വീട്ടിലെത്തി. ഫിസിയോതെറപ്പിയും മരുന്നുകളും പിന്നെ കുഞ്ഞിന്റെ സാന്നിധ്യവും ബെറ്റീനയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരികയാണ്. അമ്മയ്ക്കും കുഞ്ഞനിയനും കൂട്ടായി ആറു വയസ്സുകാരനായ മൂത്ത കുട്ടിയുമുണ്ട്.