പിള്ള– സ്കറിയാ തോമസ് കേരള കോൺഗ്രസുകളുടെ ലയനം ആവിയായി

തിരുവനന്തപുരം∙ ആർ.ബാലകൃഷ്ണപിള്ള– സ്കറിയാ തോമസ് കേരള കോൺഗ്രസുകളുടെ ലയനം ആവിയായി. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈകൊടുത്തു ലയനം പ്രഖ്യാപിച്ച ഇരുനേതാക്കളും ഇന്നലെ വാക്കുമാറി. മുഖ്യമന്ത്രിയോട് ഇരുവരും പരസ്പരം പരാതികളും ബോധിപ്പിച്ചു. ലയനം എങ്ങനെയെന്നും അതിനുശേഷമുള്ള പദവികൾ എന്തായിരിക്കണമെന്നതിനെക്കുറിച്ചുമുള്ള ആശയക്കുഴപ്പവും തർക്കവുമാണ് വേർപിരിയലിൽ കലാശിച്ചത്.

എ‍ൽഡിഎഫിൽ ഘടകകക്ഷിയായ തന്റെ പാർട്ടിയിൽ പിള്ള ലയിക്കണമെന്നു സ്കറിയാ തോമസ് ശഠിച്ചു. മുന്നണിക്കു വെളിയിൽ നിൽക്കുന്ന പിള്ളയുടെ പാർട്ടിയിൽ താൻ ലയിച്ചാൽ താനും എൽഡിഎഫിനു പുറത്താകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ കേരള കോൺഗ്രസ് തന്നെ രൂപീകരിച്ചവരിൽ ഒരാളായ പിള്ളയ്ക്ക് ഇതിനോടു യോജിക്കാൻ കഴിഞ്ഞില്ല. രണ്ടുപേരും ചേർന്നു പുതിയ കേരള കോൺ‍ഗ്രസ് രൂപീകരിച്ചാൽ അതിന്റെ എൽഡിഎഫ് പ്രവേശന കാര്യത്തിൽ വ്യക്തമായി പറയാൻ സിപിഎമ്മും തയാറാകാഞ്ഞതോടെ ലയനം തൽക്കാലം ‘മരവിപ്പിക്കാൻ’ തീരുമാനമായി.

ലയിച്ചശേഷം ആരാകും പാർട്ടി ചെയർമാൻ എന്നതടക്കം തർക്കത്തിന് എരിവു പകർന്നു. ഇതൊന്നും ആലോചിക്കാതെ എന്തിനു ലയനപ്രഖ്യാപനം നടത്തിയെന്ന സിപിഎമ്മിന്റെ ചോദ്യത്തിന് ഇരുനേതാക്കൾക്കും വ്യക്തമായ മറുപടിയില്ല. കൊട്ടാരക്കരയിലെ പിള്ളയുടെ വീട്ടിൽ ഞായറാഴ്ച സ്കറിയാ തോമസ് എത്തിയതോടെയാണു ലയന ചർച്ച ചൂടുപിടിച്ചത്. പിറ്റേന്നു കൊല്ലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാൻ മുൻകൈ എടുത്തതും ഈ നേതാക്കൾ തന്നെ.

ഇന്നലെ തിരുവനന്തപുരത്തു സംയുക്ത വാർത്താസമ്മേളനത്തിലൂടെ ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നും അറിയിച്ചു. പക്ഷെ ഒറ്റരാത്രി കൊണ്ടു തന്നെ യോജിപ്പ് കീഴ്മേൽ മറിഞ്ഞു.‘‘ ഒരു കാര്യത്തിലും വ്യക്തതയില്ലാതെ പെട്ടെന്നു ലയിക്കാമെന്നു പ‍റഞ്ഞാൽ നടക്കില്ലല്ലോ. ആദ്യം അതുണ്ടാകട്ടെ– സ്കറിയാ തോമസ് പറഞ്ഞു. ‘‘ ലയിക്കണമെന്നും പിന്നീട് വേണ്ടെന്നുമൊക്കെ പറയുന്നത് അദ്ദേഹമാണ്. എനിക്കിതേക്കുറിച്ച് ഒന്നുമറിയില്ല’’– പിള്ള പ്രതികരിച്ചു. സ്കറിയ പിന്മാറിയതിനെക്കുറിച്ചു പിള്ളയാണു മുഖ്യമന്ത്രിയെ വിളിച്ച് ആദ്യം പരാതിപ്പെട്ടത്. മറുഭാഗവും മുഖ്യമന്ത്രി കേട്ടു.