പശ്ചിമഘട്ടം: പുതിയ കരടുവിജ്ഞാപനം ഇറക്കാൻ തടസ്സം

ന്യൂഡൽഹി∙ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശമുള്ളതിനാൽ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ പുതിയ കരടുവിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തടസ്സമുണ്ടെന്നു കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഡോ. ഹർഷ‌വർധൻ. കഴിഞ്ഞ 26നു കാലാവധി അവസാനിച്ച കരടുവിജ്ഞാപനം വീണ്ടും പരസ്യപ്പെടുത്താനുള്ള നടപടി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞതായി പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ അറിയിച്ചു.

കേരളത്തിനുവേണ്ടിമാത്രം അന്തിമ വിജ്ഞാപനമിറക്കുന്നതിൽ തടസ്സമില്ലെന്നും കോടതിയുടെ നിരീക്ഷണമുണ്ടെന്നും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കുഴൽനാടൻ പറഞ്ഞു. എന്നാൽ, അത്തരമൊരാവശ്യം കേരളം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ പരിഗണിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയത്രേ.