‘ഇടത് അന്വേഷണ’ത്തിന്റെ പൊള്ളലിലേക്ക് മാണി

തിരുവനന്തപുരം ∙ ബാർകേസിൽ അടിയൊഴുക്കായി എപ്പോഴും രാഷ്ട്രീയമുണ്ടായിരുന്നു. കെ.എം.മാണി വീണ്ടും യുഡിഎഫിൽ എത്തിയതോടെ, അത് ഇനി ഒട്ടും അനുകൂലമാകാനിടയില്ലെന്നത് അദ്ദേഹത്തിനും പാർട്ടിക്കും നല്ല ബോധ്യമുണ്ട്. മാണികൂടി നയിച്ചിരുന്ന യുഡിഎഫ് സർക്കാരിന്റെ കാലത്തെ വിജിലൻസ് അന്വേഷണങ്ങളിലാണ് അദ്ദേഹം രണ്ടുവട്ടം കുറ്റവിമുക്തനായത്. എൽഡിഎഫ് സർക്കാർ വന്നതോടെ അദ്ദേഹം യുഡിഎഫ് വിട്ടതിനു കേസും ഒരു കാരണമായിരുന്നുവെന്ന വിശ്വാസം കേസ് അന്വേഷണത്തെയും സ്വാധീനിച്ചുവെന്നു കരുതുന്നവർ ഏറെ.

മാണിയെ എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹം പ്രകടവുമായിരുന്നു. അണിയറയിൽ ഈ ചർച്ച മുറുകുന്നതിനിടയിലാണു മാണിക്ക് അനുകൂലമായ മൂന്നാം റിപ്പോർട്ട് വന്നത്. എന്നാൽ സിപിഎമ്മിനെ നിരാശരാക്കി മാണി യുഡിഎഫിലേക്കു മടങ്ങി. ഇടക്കാലത്തു മാണിയോടുണ്ടായിരുന്ന ‘സ്നേഹാദരങ്ങൾ’ ഇനി പ്രതീക്ഷിക്കേണ്ടെന്ന സൂചന സിപിഎം നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നു വ്യക്തം. അദ്ദേഹം ഒരേ കേസിൽ നാലാമത്തെ വിജിലൻസ് അന്വേഷണം നേരിടാൻ പോകുന്നു. തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തുന്നതിനുള്ള കാലതാമസമേ ഉണ്ടാകാനിടയുള്ളൂ.

കേസിൽ ആദ്യംമുതൽ ഉറച്ചുനിന്നതു വി.എസ്.അച്യുതാനന്ദനും ബിജെപിയുടെ വി.മുരളീധരനുമായിരുന്നെങ്കിൽ, എൽഡിഎഫ് കൺവീനറായിരുന്ന വൈക്കം വിശ്വനും സിപിഐയുടെ മന്ത്രി വി.എസ്.സുനിൽ കുമാറുമെല്ലാം ചാഞ്ചാടിയതിനു കാരണം മാണിയോടുള്ള സിപിഎം ആഭിമുഖ്യമായിരുന്നു. ബാറുകൾ തുറന്നുകൊടുത്ത പുതിയ സാഹചര്യവും ഇനി അന്വേഷണത്തെ സ്വാധീനിച്ചേക്കാം. നേരത്തേ മൊഴി നൽകാൻ തയാറാകാതിരുന്ന ബാർ ഉടമകളിൽ ഭൂരിഭാഗവും സർക്കാർനയത്തിൽ തൃപ്തരാണ്.