അഭിമന്യുവിനെ കുത്തിയത് സഹൽഹംസ, പിടിച്ചു നിർത്തിക്കൊടുത്തത് ഷിഫാസ്

അഭിമന്യു

കൊച്ചി ∙ മഹാരാജാസ് കോളജിലെ വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയതു നെട്ടൂർ മേക്കാട്ട് സഹൽ ഹംസയെന്നു (21) കുറ്റപത്രം. ഒൻപതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസാണ് (ചിപ്പു–23) അഭിമന്യുവിനെ പിടിച്ചു നിർത്തി കൊടുത്തത്.

സഹൽ ഹംസ, അർജുനെ കുത്തിയ മുഹമ്മദ് ഷഹീം, കൊലയ്ക്കു കൂട്ടാളികളായ വി.എൻ. ഷിഫാസ്, ജിസാൽ റസാഖ്.

മഹാരാജാസ് കോളജിലെ തന്നെ ഡിഗ്രി വിദ്യാർഥി ജെ.ഐ. മുഹമ്മദാണു കൊലയാളിക്ക് അഭിമന്യുവിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികൾക്കെതിരെയാണു കൊലപാതകം നടന്ന് 85–ാം ദിവസം അസി. കമ്മിഷണർ എസ്.ടി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചതോടെ കേസിലെ നിർണായക പ്രതികൾക്കു ജാമ്യം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായ ശേഷം, കുറ്റകൃത്യത്തിനു ശേഷം പ്രതികളെ സഹായിച്ച മറ്റു പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണു നീക്കം. കേസിലെ പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘടനകളിലെ സജീവ പ്രവർത്തകരും ഭാരവാഹികളുമാണ്.

മഹാരാജാസ് കോളജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്എഫ്ഐ–ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ വിദ്യാർഥികൾ തമ്മിലുണ്ടായ സ്പർധയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന അർജുൻ കൃഷ്ണയെ മാരകമായി കുത്തി മുറിവേൽപ്പിച്ചതു കേസിലെ 12–ാം പ്രതി പള്ളുരുത്തി സ്വദേശിയും ഇപ്പോൾ ചേർത്തല പാണാവള്ളിയിൽ താമസിക്കുന്നതുമായ തൃച്ചാറ്റുകുളം കാരിപുഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീമാണ് (31).

11–ാം പ്രതി പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽ പറമ്പ് ജിസാൽ റസാഖാണ് (21) അർജുനെ പിടിച്ചുനിർത്തി കൊടുത്തത്. ഇവർക്കൊപ്പം കുത്തേറ്റ വിനോദിനെ ആക്രമിച്ചത് റിമാൻഡിൽ കഴിയുന്ന പള്ളുരുത്തി പുളിക്കനാട്ട് പി.എച്ച്. സനീഷാണ് (32). മാരകായുധങ്ങളുമായെത്തിയ സഹൽ, ഷഹീം, വിദ്യാർഥികളെ പിടിച്ചു നിർത്തിയ ഷിഫാസ്, ജിസാൽ കൊലയാളി സംഘത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20), നെട്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന ഫോർട്ട്കൊച്ചി ജിസിഡിഎ കോളനി കരിങ്ങാമ്പാറ തൻസീൽ മുഹമ്മദ്കുട്ടി (25), നെട്ടൂർ മേക്കാട്ട് സനിദ് ഹംസ (26) എന്നിവർ ഇപ്പോഴും ഒളിവിലാണ്.

മറ്റു പ്രതികൾ:

ആലുവ ഈസ്റ്റ് എരുത്തല ചുണങ്ങംവേലി ആരിഫ് ബിൻ സലിം(25), സഹോദരൻ ആദിൽ ബിൻ സലിം (23), ഫോർട്ടുകൊച്ചി കൽവത്തി പുത്തനങ്ങാടി റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ പത്തനാട്ട് ചിറയ്ക്കൽ ബിലാൽ സജി (18), പത്തനംതിട്ട കുളത്തൂർ ചുങ്കപ്പാറ നാരകത്തുകുഴി ഫറൂഖ് അമാനി (19), എറണാകുളം മരട് പെരിങ്ങാട്ടുപറമ്പ് പി.എം. റജീബ് (25), പെരിങ്ങാട്ടു പറമ്പ് അബ്ദുൽ നാസർ (നാച്ചു–24), ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ്(20).

അക്രമം ബോധപൂർവം പ്രകോപനം സൃഷ്ടിച്ച്

കൊച്ചി ∙ മഹാരാജാസ് കോളജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വിദ്യാർഥി സംഘടനകൾ നടത്തിയ ഒരുക്കങ്ങൾക്കിടയിലാണ് അഭിമന്യു കൊലക്കേസിന്റെ ഗൂഢാലോചന നടന്നത്. കഴിഞ്ഞ ജൂലൈ ഒന്നിനു രാത്രി ബോധപൂർവം പ്രകോപനം സൃഷ്ടിച്ചാണു കൊലയാളി സംഘം അക്രമം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

അന്നു രാവിലെ മുതൽ നെട്ടൂർ, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിൽ പ്രതികൾ സംഘടിച്ചു ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി മഹാരാജാസ് കോളജ് ക്യാംപസിന്റെ പിൻവശത്തെ കവാടത്തിനു സമീപം എസ്എഫ്ഐ പ്രവർത്തകരെഴുതിയ ചുമരെഴുത്തുകൾ മായിച്ച് ക്യാംപസ് ഫ്രണ്ടിന്റെ പേരിൽ ചുവരെഴുതി. തുടർന്ന് ഈ ചുവരെഴുത്തിനു മുകളിൽ അഭിമന്യുവിന്റെ നേതൃത്വത്തിൽ ‘വർഗീയത തുലയട്ടെ’ എന്ന് എഴുതി. തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കാതെ, മുൻപു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ മരകായുധങ്ങളായ കത്തി, ഇടിക്കട്ട, മരവടി എന്നിവയുമായി എസ്എഫ്ഐ വിദ്യാർഥികളെ ആക്രമിച്ചു. ജൂലൈ രണ്ടിനു പുലർച്ചെ 12.30–നാണ് ഈ സംഭവം. അക്രമത്തിൽ അഭിമന്യു കൊല്ലപ്പെട്ടു.