കെവിൻ കേസ് ദുരഭിമാനക്കൊലയോ? ഏഴിന് വിധി പറയും

കോട്ടയം ∙ കെവിൻ വധക്കേസ് ദുരഭിമാനക്കൊലപാതകമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതി 7ന് വിധി പറയും. ‌വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയർന്ന കേരളത്തിൽ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. 2018– ലെ ശാന്തി വാഹിനി കേസ് പോലെ, കെവിൻ കേസും പരിഗണിക്കണന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കുന്നതു കേസിൽ മുൻവിധിയുണ്ടാക്കാൻ ഇടയാക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുവാദം. സർക്കാർ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാൽ ആറു മാസത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാകും.

നട്ടാശേരി പ്ലാത്തറ ജോസിന്റെ മകൻ കെവിനെ (24) നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം കെവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കാ ജോൺ എന്നിവർ ഉൾപ്പെടെ 10 പേർ ഇപ്പോഴും റിമാൻഡിലാണ്. കെവിന്റെ പിതാവ് ജോസഫ് ജേക്കബ് വാദം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.