മഅദനി ഇന്ന് കേരളത്തിൽ

അബ്ദുൽ നാസർ മഅദനി

ബെംഗളൂരു ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്നു കേരളത്തിലെത്തും. അർബുദ ബാധിതയായ മാതാവ് അസ്മാ ബീവിയെ സന്ദർശിക്കാൻ ബെംഗളൂരു എൻഐഎ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രാവിലെ 8.55നുള്ള ഇൻഡിഗോ വിമാനത്തിൽ 10.15ന് തിരുവനന്തപുരത്ത് എത്തുന്ന മഅദനി, തുടർന്നു റോഡ് മാർഗം മാതാവ് ചികിൽസയിലുള്ള ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലേക്കു പോകും.

അതിനിടെ, മഅദനിയുടെ അപേക്ഷ പ്രകാരം സുരക്ഷയ്ക്കായി 12 അംഗ പൊലീസ് സംഘത്തെ ബെംഗളൂരു പൊലീസ് നിയോഗിച്ചു. ഇവർ റോഡ് മാർഗം മഅദനിയുടെ സ്വദേശമായ കരുനാഗപ്പള്ളി അൻവാർശേരിയിൽ എത്തും. ഇതിനായി പൊലീസുകാരുടെ പ്രതിദിന ബാറ്റയും വാഹനച്ചെലവും ഉൾപ്പെടെ 1,76,600 രൂപ മഅദനി മുൻകൂറായി കെട്ടിവച്ചു.