നെഹ്റു ട്രോഫി പായിപ്പാടന്

പായുംപാടന്‍: ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്ത പായിപ്പാ‍ടൻ ചുണ്ടൻവള്ളത്തിലെ തുഴച്ചിൽക്കാരുടെ ആഹ്ലാദം. ചിത്രം ആർ.എസ്.ഗോപൻ ∙ മനോരമ

ആലപ്പുഴ ∙ 4.28.96 മിനിറ്റ് – നെഹ്റു ട്രോഫിയിലെ അവസാനത്തെ ഹാട്രിക് ജേതാവായ പായിപ്പാടനു 10 വർഷത്തിനു ശേഷം വീണ്ടും ട്രോഫി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് പായിപ്പാടനെ തുഴഞ്ഞത്. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനില‍ൂടെ പൊലീസ് ബോട്ട് ക്ലബ് കന്നി മത്സരത്തിൽ പായിപ്പാടനു 11 സെക്കൻഡ് പിന്നിൽ രണ്ടാം സ്ഥാനം നേടി.

3 പതിറ്റാണ്ടിനിടയിൽ മൂന്നാം തവണയാണു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനു നെഹ്റു ട്രോഫി. 2005 മുതൽ ഹാട്രിക് നേടിയ പായിപ്പാടൻ ചുണ്ടന് ഇക്കുറി ട്രോഫി കിട്ടിയെങ്കിലും കഴിഞ്ഞ വർഷം ഹീറ്റ്സിൽ കുറിച്ച റെക്കോർഡ് സമയം ഭേദിക്കാനായില്ല. മുൻവർഷത്തെ ചാംപ്യനായ ഗബ്രിയേൽ ഇക്കുറി അഞ്ചാം സ്ഥാനത്ത്. ജയിംസ്കുട്ടി ജേക്കബ് ആണ് പായിപ്പാടൻ ചുണ്ടന്റെ ക്യാപ്റ്റൻ.

ഗവർണർ ജസ്റ്റിസ് പി.സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ, കെ.സി.വേണുഗോപാൽ എംപി, ചലച്ചിത്രതാരം അല്ലു അർജുൻ, കലക്ടർ എസ്.സുഹാസ്, സബ് കലക്ടർ വി.ആർ.കൃഷ്ണതേജ തുടങ്ങിയവർ പ്രസംഗിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം പ്രതിനിധികൾ ജലോത്സവം കാണാനെത്തിയത് ആരാധകർക്ക് ആവേശമായി.