ശശിക്കുള്ള ശിക്ഷ: പരിശോധിക്കേണ്ടത് സിസിയെന്ന് യച്ചൂരി

ന്യൂഡൽഹി∙ പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കു സംസ്ഥാന സമിതി നൽകിയ ശിക്ഷ പര്യാപ്തമോയെന്നു കേന്ദ്ര കമ്മിറ്റിയാണു പരിശോധിക്കേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് 6 മാസം സസ്പെൻഷൻ എന്നതു വലിയ ശിക്ഷയാണെന്നും അതു പര്യാപ്തമോയെന്നത് താനല്ല, സിസിയാണു തീരുമാനിക്കേണ്ടതെന്നും യച്ചൂരി പറഞ്ഞു.

തൊഴിൽ സ്ഥലത്തെ പീഡനം സംബന്ധിച്ച പരാതികൾ കേൾക്കാൻ മാത്രമാണ് വിശാഖ കേസിലെ മാർഗ നിർദേശപ്രകാരം സമിതിയുണ്ടാക്കുന്നതെന്നും പാർട്ടിക്കു മൊത്തത്തിൽ അത്തരം സംവിധാനമില്ലെന്നും യച്ചൂരി പറഞ്ഞു. പാർട്ടി ഓഫിസ് സംബന്ധിയായ പരാതികൾ പരിശോധിക്കാൻ 3 അംഗ സമിതി രൂപീകരിച്ചിട്ടുള്ള ഏക രാഷ്ട്രീയ കക്ഷി സിപിഎമ്മാണ്. നിയമം നിലവിൽ വന്നപ്പോൾതന്നെ പാർട്ടി സമിതിയുണ്ടാക്കിയിട്ടുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാലാണ് ശശിയെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്.  

ശിക്ഷ പര്യാപ്തമല്ലെന്ന് പരാതിക്കാരിയും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കളും നിലപാടെടുത്തെന്നാണ് സൂചന. സംസ്ഥാന സമിതിയുടെ തീരുമാനം അടുത്ത മാസം 15 നും 16 നും ചേരുന്ന സിസി അംഗീകരിക്കേണ്ടതുണ്ട്. പാർട്ടിയിൽ ഉണ്ടാകുന്ന പരാതികൾ പരിശോധിക്കാൻ സ്ഥിരം സംവിധാനമെന്നതും സിസി ചർച്ച ചെയ്തേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.