നടൻ കെ.എൽ.ആന്റണി അന്തരിച്ചു

പൂച്ചാക്കൽ (ആലപ്പുഴ) ∙ പ്രശസ്ത സിനിമ, നാടക നടൻ ചേർത്തല ഉളവെയ്പ് കോയിപ്പറമ്പിൽ കെ.എൽ.ആന്റണി (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച മഹേഷിന്റെ ‘ചാച്ചൻ’ കഥാപാത്രമായി സിനിമയിലെത്തി. ഗപ്പി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആകാശമിഠായി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

ഫോർട്ട് കൊച്ചി സ്വദേശിയായ ആന്റണി കമ്യൂണിസ്റ്റ് നാടകങ്ങൾ എഴുതിയാണ് അമച്വർ നാടകവേദിയിലെത്തിയത്. കൊച്ചിൻ കലാകേന്ദ്രം എന്ന നാടകസമിതിയും രൂപീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആന്റണി രചിച്ച ‘ഇരുട്ടറ’ എന്ന നാടകം വിവാദമായിരുന്നു. സ്വന്തം കൃതികളും പുതിയ എഴുത്തുകാര‍ുടെ പുസ്തകങ്ങളും സ്വയം പ്രസിദ്ധീകരിച്ചു വീടുകൾതോറും നടന്നു വിറ്റിട്ടുണ്ട്. കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം, അമ്മയും തൊമ്മനും എന്നിവയാണു പ്രധാന നാടകങ്ങൾ. 2014ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു.

നാളെ 10ന് വീട്ടുവളപ്പിൽ പൊതുദർശനത്തിനുശേഷം ഉളവെയ്പ് സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ചിൽ സംസ്കാരം. ഭാര്യ: നാടക, ചലച്ചിത്ര നടിയായ ലീന. മക്കൾ: അമ്പിളി (കലവൂർ ഗവ.എച്ച്എസ്എസ്), ലാസർ ഷൈൻ (കഥാകൃത്തും നാരദ ന്യൂസ് റസിഡന്റ് എഡിറ്ററും), നാൻസി. മരുമക്കൾ: ബിനോയ് ജോർജ് (കെഎസ്ഇബി), അഡ്വ. മായാ കൃഷ്ണൻ, വിജി (ബിസിനസ്, പാലക്കാട്).