ജിഷ്ണു പ്രണോയ്: സമരം ചെയ്തവരെ തോൽപിച്ചതു തന്നെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം∙തൃശൂർ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി  ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാനേജ്മെന്റിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ പ്രായോഗികപരീക്ഷയിൽ കരുതിക്കൂട്ടി തോൽപിച്ചെന്ന് അന്വേഷണസമിതിയുടെ റിപ്പോർട്ട്.

ഡിഫാം വിദ്യാർഥികൾ നൽകിയ പരാതിയെത്തുടർന്നാണ് ആരോഗ്യസർവകലാശാല സെനറ്റ് നിയോഗിച്ച സമിതി അന്വേഷണം നടത്തിയത്. വിദ്യാർഥികൾക്കായി മറ്റൊരു കോളജിൽ പ്രായോഗികപരീക്ഷ നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. എം. രാജേഷ് എംഎൽഎ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്.

പരാതി നൽകിയ മൂന്നു ഡിഫാം വിദ്യാർഥികളിൽ നിന്നും കോളജ് അധികൃതരിൽ നിന്നും തെളിവെടുപ്പ് നടത്തി. യഥാർഥത്തിൽ ലഭിക്കേണ്ട മാർക്ക് തിരുത്തിയാണ് തോൽപ്പിച്ചതെന്നാണ് കണ്ടെത്തൽ. തോൽപ്പിക്കുമെന്ന് നേരത്തെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവുകൾ സഹിതം വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. റിപ്പോർട്ട് 27നു നടക്കുന്ന സർവകലാശാല ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത ശേഷം അന്തിമതീരുമാനമെടുക്കും.