Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ളെക്സിനെച്ചൊല്ലി വിവാദം: കേരളവർമ കോളജിൽ എസ്എഫ്ഐക്കാർ അധ്യാപകരെ തടഞ്ഞുവച്ചു

P Biju

തൃശൂർ ∙ അധ്യാപിക മർദിച്ചുവെന്നും വിദ്യാർഥികളോടു മാപ്പുപറയണമെന്നാവശ്യപ്പെട്ടും എസ്എഫ്ഐ പ്രവർത്തകർ കേരളവർമ കോളജിലെ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും മണിക്കൂറുകളോളം തടഞ്ഞുവച്ചു.

പൊലീസെത്തി ഇവരെ മോചിപ്പിച്ചു. കോളജിലെ വനിതാ സെല്ലിന്റെ ചുമതലയുള്ള അധ്യാപിക വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ മൂന്നു ദിവസത്തെ പരിപാടിയിൽ ഫ്ളെക്സ് ഉപയോഗിച്ചു എന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണു പ്രശ്നത്തിന് അടിസ്ഥാനം. കോളജിൽ ഫ്ളെക്സ് ഉപയോഗിക്കരുതെന്ന് എസ്എഫ്ഐ നിർദേശിച്ചിട്ടുണ്ട്.

എന്നാൽ മൂന്നു വർഷമായി ഉപയോഗിക്കുന്ന വനിതാ സെല്ലിന്റെ ഫ്ളെക്സ് തുടർന്നും ഉപയോഗിക്കുകയായിരുന്നുവെന്ന് അധ്യാപിക പറയുന്നു. ആദ്യ രണ്ടു ദിവസവും ചടങ്ങു നടക്കുന്നതിനിടെ എസ്എഫ്ഐക്കാർ ഇവിടെനിന്നു ഫ്ളെക്സ് ബോർഡ് നീക്കം ചെയ്തിരുന്നു.

ഇന്നലെ ഡൽഹിയിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുത്ത പരിപാടി നടക്കുമ്പോൾ പ്രിൻസിപ്പലും മറ്റു വകുപ്പുമേധാവികളും വേദിയിലിരിക്കെ എസ്എഫ്ഐ പ്രവർത്തകർ സംഘമായെത്തി ഫ്ളെക്സിനായി പിടിവലികൂടി. അധ്യാപിക ഇതിനെ ചെറുക്കുകയും ചെയ്തു.

തുടർന്ന് അധ്യാപിക മർദിച്ചെന്നാരോപിച്ച് എസ്എഫ്ഐയുടെ രണ്ടു നേതാക്കൾ ആശുപത്രിയിൽ അഡ്മിറ്റായി. കോളജ് പിരിയാറായപ്പോൾ ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകരെത്തി മുഴുവൻ അധ്യാപകരെയും അനധ്യാപകരെയും കോളജിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.

അധ്യാപിക പരസ്യമായി തങ്ങളോടു മാപ്പു പറഞ്ഞാൽ മാത്രമേ അധ്യാപകരെ വിടുകയുള്ളൂവെന്ന നിലപാടിലായിരുന്നു സമരക്കാർ. പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർ കോളജിൽ കുടുങ്ങി.

പൊലീസിൽ വിവരമറിയിച്ചതനുസരിച്ചു വെസ്റ്റ് പൊലീസെത്തി സമരക്കാരെ നീക്കം ചെയ്ത് അധ്യാപകരെ കോളജിൽ നിന്നിറക്കി. അധ്യാപികയ്ക്കെതിരെ എസ്എഫ്ഐക്കാരും സമരക്കാർക്കെതിരെ അധ്യാപികയും പ്രിൻസിപ്പലിനു പരാതി നൽകിയിട്ടുണ്ട്.

Your Rating: