കായിക വികസനത്തിന് ദേശീയ നിരീക്ഷകർ; പി.ടി. ഉഷയ്ക്കും അഞ്ജുവിനും ഐ.എം. വിജയനും അംഗീകാരം

പി.ടി. ഉഷ, അഞ്ജു ബോബി ജോർജി, ഐ.എം. വിജയൻ

ന്യൂഡല്‍ഹി∙ വിവിധ കായിക ഇനങ്ങളുടെ ദേശീയ നിരീക്ഷകരായി ഒളിംപ്യന്മാരെ കേന്ദ്രസർക്കാർ നിയോഗിച്ചു. പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ അത്‌ലറ്റിക്‌സിന്റെയും ഐ.എം. വിജയന്‍ ഫുട്‌ബോളിന്റെയും ദേശീയ നിരീക്ഷകരാണ്. ഡോ. സഞ്ജീവ് കുമാര്‍ സിങ്ങ്(ആര്‍ച്ചറി), അപര്‍ണ്ണ പോപ്പട്ട് (ബാഡ്മിന്റണ്‍), മേരി കോം, അഖില്‍ കുമാര് ‍(ബോക്‌സിങ്ങ്), ജഗ്ബീര്‍ സിങ്ങ് (ഹോക്കി), അഭിനവ് ബിന്ദ്ര (ഷൂട്ടിങ്ങ്), സോംദേവ് ദേവ്‌വര്‍മന് ‍(ടെന്നീസ്), കര്‍ണ്ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍ കുമാര് ‍(ഗുസ്തി), ഖജന്‍ സിങ്ങ് (നീന്തല്‍), കമലേഷ് മേഹ്ത (ടേബിള്‍ ടെന്നീസ്) എന്നിവരാണ് മറ്റ് നിരീക്ഷകര്‍.

കായിക മേഖലകളുമായി ബന്ധപ്പെട്ട ദീര്‍ഘകാല വികസന പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും സർക്കാർ, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തുടങ്ങിയവയെ ദേശീയ നിരീക്ഷകര്‍ സഹായിക്കും. 2020, 2024, 2028 വര്‍ഷങ്ങളിലെ ഒളിംപിക്‌സ് തയാറെടുപ്പുമായി ബന്ധപ്പെട്ട ദൗത്യങ്ങളുടെ നടത്തിപ്പിലും ദേശീയ നിരീക്ഷകര്‍ മുഖ്യ പങ്ക് വഹിക്കും.