ആദിത്യനാഥിന്റെ മണ്ഡലത്തിൽ സമ്പൂർണ്ണ മാംസ നിരോധനം; മീനും വിൽക്കാനാകില്ല

ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനം. ഒറ്റരാത്രികൊണ്ട് നൂറോളം അറവുശാലകള്‍ പൂട്ടി. ബീഫിനു പുറമെ കോഴി, ആട്ടിറച്ചി, മീൻ എന്നിവയും വിൽക്കുന്നില്ല. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചെന്ന പേരിലാണ് സര്‍ക്കാര്‍ നടപടി. ലൈസൻസ് പുതുക്കി നൽകില്ലെന്നു മാത്രമാണ് അധികൃതരുടെ അറിയിപ്പ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷമാണ് വിലക്ക് നിലവിൽ വന്നത്.

അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനും പശുക്കടത്ത് തടയാനും യോഗി ആദിത്യനാഥ് പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. നിയമം തെറ്റിക്കുന്നവരോട് യാതൊരു ദയയും കാണിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാലിതു പുതിയ നീക്കമല്ലെന്നും അനധികൃത അറവുശാലകള്‍ നിരോധിക്കുക എന്നത് പാർട്ടിയുടെ പ്രകടനപത്രികയിലുള്ളതാണെന്നും ബിജെപി വക്താവ് അറിയിച്ചു. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയും യുപിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.