സ്റ്റോക്കോമിലേത് ഭീകരാക്രമണം: നാല് പേർ കൊല്ലപ്പെട്ടു; രണ്ടു പേർ പിടിയിൽ

ആക്രമണം നടത്തിയ ട്രക്കിനു സമീപം പൊലീസുകാർ.

സ്റ്റോക്കോം∙ സ്വീഡൻ തലസ്ഥാനമായ സ്റ്റോക്കോമിൽ ആൾക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമാണെന്നു സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വാൻ സ്ഥിരീകരിച്ചു. ആക്രമണത്തിൽ നാല് പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടുപേർക്കു പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിലെ കാൽനടക്കാർക്കു വേണ്ടിയുള്ള തെരുവായ ഡ്രോട്ട്നിങ്ഗാറ്റനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണു സംഭവം.സംഭവത്തിൽ ഇത് വരെ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.  മരണസംഖ്യ ഉയരാനിടയുണ്ടെന്ന് സ്വീഡിഷ് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാൽനടക്കാർക്കിടയിലേക്കു ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് ഇവിടം. .

നഗരത്തിന്റെ മറ്റൊരു മേഖലയിൽ വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകളുണ്ട്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നു വ്യക്തമല്ല. തലസ്ഥാനം ഉടൻതന്നെ പൊലീസ് വലയത്തിലാക്കി. പൊതുയാത്രാ സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ജനങ്ങളോടു നഗരത്തിലേക്കു വരുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിനു സമീപമുള്ള സെൻട്രൽ ട്രെയിൻ സ്റ്റേഷൻ പൊലീസ് ഒഴിപ്പിച്ചു.

ഗ്രാഫിക്സ് കടപ്പാട്: എഎഫ്പി, ട്വിറ്റർ

സ്പെൻഡ്രപ്സ് ബ്രൂവെറിയുടേതാണ് ആക്രമണം നടത്തിയ ട്രക്ക്. ഇതു വെള്ളിയാഴ്ച രാവിലെ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്.സ്വീഡനിലെ ഇന്ത്യൻ എംബസിയുടെ സമീപത്തായാണ് ആക്രമണം ഉണ്ടായത്. എന്നാൽ എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് അംബാസഡർ മോണിക്ക മോഹ്ത അറിയിച്ചു. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു.