Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശങ്ക ഒഴിയുന്നില്ല; ഉത്തരകൊറിയ ലക്ഷ്യമാക്കി യുഎസ് വിമാനവാഹിനിക്കപ്പൽ

Military parade marking the 105th anniversary of the birth of late North Korean leader Kim Il-Sung ഉത്തര കൊറിയയുടെ സൈനിക പരേഡിൽനിന്ന്

സോൾ∙ ഉത്തര കൊറിയയ്ക്കെതിരായ നിലപാടുകൾ യുഎസ് കൂടുതൽ ശക്തിപ്പെടുത്തുന്നു. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉത്തര കൊറിയ വൻ സൈനിക പ്രകടനം നടത്തിയതോടെ ഒരു യുദ്ധത്തിനുള്ള തയാറെടുപ്പുകളിലേക്ക് യുഎസും കടന്നു. ഓസ്ട്രേലിയൻ തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന വിമാനവാഹിനിക്കപ്പൽ യുഎസ് ഉത്തരകൊറിയൻ‌ അതിർത്തിയിലേക്കു തിരിച്ചുവിട്ടു. ആണവ പരീക്ഷണത്തിൽനിന്നു പിന്മാറാൻ അവർ തയാറാല്ലത്ത സാഹചര്യത്തിൽ സമ്മർദം ചെലുത്തുന്നതിനാണ് യുഎസിന്റെ നീക്കമെന്നാണു വിലയിരുത്തൽ.

ലോകം മറ്റൊരു യുദ്ധത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകൾ നൽകിയാണ് യുഎസിനെ വെല്ലുവിളിച്ച് തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉത്തര കൊറിയ വൻ സൈനിക പ്രകടനം നടത്തിയത്. ഉത്തര കൊറിയ ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് രാഷ്ട്രപിതാവായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ പ്യോങ്യാങ്ങിൽ വൻ റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് സൈനികർ അണിനിരന്ന പരേ‍ഡ്, യുഎസ് ഉൾപ്പെടെ എതിർചേരിയിലുള്ള രാജ്യങ്ങൾക്കുള്ള ഉത്തര കൊറിയയുടെ മുന്നറിയിപ്പായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

മാരകായുധം പുറത്തെടുത്ത് കിം ജോങ് ഉൻ

Kim Jong Un ഉത്തര കൊറിയയുടെ സൈനിക പരേഡ് വീക്ഷിക്കുന്ന ഏകാധിപതി കിം ജോങ് ഉൻ

ഒരു പുതിയ ഭൂഖണ്ഡാന്തര ദീർഘദൂര മിസൈൽ ഉൾപ്പെടെ ഉത്തര കൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്നതും സാങ്കേതികമായി ഏറെ മുന്നിൽനിൽക്കുന്നതുമായ ഒട്ടേറെ മിസൈലുകളും ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചതായാണ് വിവരം. ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും അവതരിപ്പിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കടലിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദർശിപ്പിച്ചിരുന്നു. അതേസമയം, ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായക ദിനമായ ശനിയാഴ്ച അവർ ആറാം അണുപരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾ സജീവമാണെങ്കിലും ഇതേക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.

യുഎസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടിൽ ഉത്തര കൊറിയ ഉറച്ചുനിൽക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നൽകി. പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയിൽ അവരെ അണുപരീക്ഷണത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ചൈന.

SKOREA-NKOREA-DEFENCE-DIPLOMACY-NUCLEAR-POLITICS പ്യോങ്യാങ്ങിൽ നടന്ന സൈനിക പരേഡ് വീക്ഷിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.

യുഎസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചാണ് പ്യോങ്യാങ് അണുപരീക്ഷണത്തിനൊരുങ്ങുന്നത്. എന്നാല്‍, സൈനികനീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷി കൂടിയായ ചൈന മുന്നറിയിപ്പ് നല്‍കി. രാഷ്ട്രശില്‍പി കിം ഇൽ സുങ്ങിന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച, ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് ആറു ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.

Military parade marking the 105th anniversary of the birth of late North Korean leader Kim Il-Sung ഉത്തര കൊറിയയുടെ സൈനിക പരേഡിൽനിന്ന്

അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുഎൻ ഉപരോധങ്ങൾക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങാതെ നിൽക്കുന്ന ഉത്തര കൊറിയയ്ക്കെതിരെ 'സൈനിക നടപടി' പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, സൈനിക നീക്കം ആർക്കും ഗുണത്തിനാവില്ലെന്ന് നിലപാടിലാണ് ചൈന. ഉത്തര കൊറിയയ്ക്കു മേലുള്ള ഏതു നീക്കവും യുദ്ധത്തില്‍ കലാശിക്കുമെന്നും അതിനു കനത്തവില നല്‍കേണ്ടി വരുമെന്നും ബെയ്ജിങ് അഭിപ്രായപ്പെട്ടു.

Military parade marking the 105th anniversary of the birth of late North Korean leader Kim Il-Sung ഉത്തര കൊറിയയുടെ സൈനിക പരേഡിൽനിന്ന്

സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ യുഎസ് നടത്തിയ നീക്കവും, അഫ്ഗാനിസ്ഥാനിലെ കനത്ത ബോംബിങ്ങുമാണ് ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. ഉത്തര കൊറിയയെ തൊട്ടാല്‍ യുഎസിനെ തകര്‍ത്തുകളയുമെന്ന് വ്യക്തമാക്കി ഏകാധിപതി കിം ജോങ് ഉൻ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും രംഗം തണുപ്പിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം.

Your Rating: